സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 97.56%

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ മാര്‍ച്ച് 30, 31 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 13,119 വിദ്യാര്‍ത്ഥികളില്‍ 12,749 പേര്‍ പരീക്ഷക്കിരുന്നതില്‍ 12,438പേര്‍ വിജയിച്ചു (97.56 ശതമാനം). കേരളം, കര്‍ണാടക, തമിഴ്‌നാട്, ലക്ഷ ദ്വീപ്, കുവൈത്ത്, ഖത്തര്‍, സഊദി അറേബ്യ എന്നിവിടങ്ങളിലായി 246 സെന്ററുകളിലാണ് പരീക്ഷ നടന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷക്കിരുന്ന 6974 പേരില്‍ 6750 പേര്‍ പാസായി 96.79 ശതമാനം. 11 ടോപ് പ്ലസും, 461 ഡിസ്റ്റിംഗ്ഷനും, 1,735 ഫസ്റ്റ് ക്ലാസും, 1255 സെക്കന്റ് ക്ലാസും, 3,288 തേര്‍ഡ്ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 4,527 പേരില്‍ 4,490 പേര്‍ വിജയിച്ചു. 99.18 ശതമാനം. 59 ടോപ് പ്ലസും, 1,163 ഡിസ്റ്റിംഗ്ഷനും, 1,425 ഫസ്റ്റ് ക്ലാസും, 750 സെക്കന്റ് ക്ലാസും, 1,093 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 1,212 പേരില്‍ 1,164 പേര്‍ വിജയിച്ചു. 96.04 ശതമാനം. മൂന്ന് ടോപ് പ്ലസും, 67 ഡിസ്റ്റിംഗ്ഷനും, 254 ഫസ്റ്റ് ക്ലാസും, 256 സെക്കന്റ് ക്ലാസും, 584 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 36 പേരില്‍ എല്ലാവരും വിജയിച്ചു. 5 ഡിസ്റ്റിംഗ്ഷനും, 10 ഫസ്റ്റ് ക്ലാസും, 3 സെക്കന്റ് ക്ലാസും, 18 തേര്‍ഡ്ക്ലാസും ലഭിച്ചു. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെടുകയോ ആബ്‌സന്റാവുകയോ ചെയ്ത കുട്ടികള്‍ക്ക് ജൂണ്‍ 16ന് ഞായറാഴ്ച നടക്കുന്ന സേ പരീക്ഷക്ക് ഇരിക്കാവുന്നതാണ്.
പൊതുപരീക്ഷാ ഫലവും, മാര്‍ക്ക് ലിസ്റ്റും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കുന്നതാണ്. സേ പരീക്ഷക്കും പുനര്‍മൂല്യ നിര്‍ണയത്തിനുമുള്ള അപേക്ഷ 2019 ഏപ്രില്‍ 25 വരെ സ്വീകരിക്കുമെന്ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
ജനറല്‍ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന മദ്‌റസകളില്‍ ഏപ്രില്‍ 14, 15 തിയ്യതികളിലാണ് പരീക്ഷ നടന്നത്. 2,41,805 കുട്ടികളാണ് പരീക്ഷയില്‍ പങ്കെടുത്തത്. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് ഒമ്പത് കേന്ദ്രങ്ങളിലായി ഏപ്രില്‍ 25 മുതല്‍ ആരംഭിക്കും.