വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം -സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒരേ സമയം  പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് മൂലം വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് സാധിക്കാതെവരുമെന്നതിനാല്‍ ജുമുഅ: നിസ്‌കാരത്തിന് പ്രത്യേകം ഇളവ് അനുവദിക്കണം. പള്ളികളുടെ വിസ്തീര്‍ണത്തിനനുസരിച്ചായിരിക്കണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി ഏഴ് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10298 ആയി.
ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ കന്നാട്ടിക്കാന (കാസര്‍ഗോഡ് ജില്ല), ഇമാറത്തുല്‍ ഇസ്‌ലാം മദ്‌റസ ചാവശ്ശേരി പറമ്പില്‍ (കണ്ണൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ കഴുകന്‍ചിന, വാദി നൂര്‍ നാലകണ്ടം,  ഹിലാല്‍ പബ്ലിക് സ്‌കൂള്‍ പുറങ്ങ്, നജാത്തുല്‍ ഇസ്‌ലാം മദ്‌റസ ചൊവ്വാണ (മലപ്പുറം ജില്ല), ഹാദിയ മദ്‌റസ അല്‍ഐന്‍ അബൂദാബി, (യു.എ.ഇ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.