സമസ്ത സ്ഥാപക ദിനം: നാടെങ്ങും സമുചിതമായി ആചരിച്ചു

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക ദിനം നാടെങ്ങും സമുചിതമായി ആചരിച്ചു. 1926 ജൂണ്‍ 26 ന് രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 96-ാം വാര്‍ഷികം കൂടിയായിരുന്നു ഇന്നലെ (ജൂണ്‍ 26). മത-വിദ്യാഭ്യാസ-സാമൂഹിക-സാംസ്‌കാരിക മേഖലയില്‍ മാതൃകാ പ്രസ്ഥാനമായി മാറിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് സമൂഹം നല്‍കിയ പിന്തുണയും അംഗീകാരവും സാക്ഷ്യപ്പെടുത്തുന്നതായിരുന്നു നാടെങ്ങും നടന്ന സ്ഥാപകദിന പരിപാടികള്‍. കോവിഡ്-19 സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകളുടെ സഹകരണത്തോടെ സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ സ്ഥാപക ദിനം ആചരിച്ചത്. പതാക ഉയര്‍ത്തല്‍, മഹത്തുക്കളുടെ ഖബ്ര്‍ സിയാറത്ത്, ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍, പ്രാര്‍ത്ഥനകള്‍, റിലീഫ് തുടങ്ങി പരിപാടികളാണ് പ്രധാനമായും നടന്നത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ആസ്ഥാനമായ ചേളാരി സമസ്താലയത്തില്‍ വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ പതാക ഉയര്‍ത്തി.
തിരുവനന്തപുരം സമസ്ത ജൂബിലി സൗധത്തില്‍ സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി നൗഷാദ് ബാഖവി ചിറയിന്‍കീഴും, കൊല്ലത്ത് കൊല്ലൂര്‍വിള ജുമാമസ്ജിദ് പരിസരത്ത് സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് മുഹ്‌സിന്‍ കോയ തങ്ങളും, പത്തനംതിട്ടയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് അബ്ദുല്‍റശീദ് ബാഖവിയും, ഇടുക്കിയില്‍ കെ.എച്ച് അബ്ദുല്‍കരീം മുസ്‌ലിയാരും, ആലപ്പുഴയില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് സയ്യിദ് ഹദ്‌യത്തുള്ള തങ്ങളും, കോട്ടയത്ത് വി.പി സുബൈര്‍ മുസ്‌ലിയാരും, എറണാകുളത്ത് കേന്ദ്ര മുശാവറ മെമ്പര്‍ ഇ.എസ് ഹസ്സന്‍ ഫൈസിയും, തൃശൂരില്‍ സമസ്ത ജില്ലാ സെക്രട്ടറി പി.ടി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരും, പാലക്കാട്ട് സമസ്ത ജില്ലാ പ്രസിഡണ്ട് കെ.പി.സി തങ്ങള്‍ വല്ലപ്പുഴയും, മലപ്പുറത്ത് സുന്നി മഹല്‍ പരിസരത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും, കോഴിക്കോട്ട് സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാരും, വയനാട്ടില്‍ സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി ഹംസ മുസ്‌ലിയാരും, കണ്ണൂരില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ സെക്രട്ടറി കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാരും, കാസര്‍ഗോഡ് സമസ്ത ജില്ലാ പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവിയും, ദക്ഷിണകന്നടയില്‍ സമസ്ത ദക്ഷിണ കന്നട ജില്ലാ പ്രസിഡണ്ട് ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും പതാക ഉയര്‍ത്തി. ജില്ലകളില്‍ നടന്ന ചടങ്ങുകളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടകളുടെയും നേതാക്കള്‍ സംബന്ധിച്ചു.