ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2019ല്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയ ‘തഹ്സീനുല്‍ ഖിറാഅ:’ പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. കോവിഡ് – 19 പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ സമസ്തയുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മദ്റസകളിലെ മുഅല്ലിംകള്‍ക്ക് ഓണ്‍ലൈന്‍ മുഖേനയാണ് പരിശീലനം നടക്കുന്നത്. ഒമാനിലെ മസ്ക്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശീലനം സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മുഫത്തിശ് വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍ അദ്ധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ് യൂസുഫ് മുസ്ലിയാര്‍ സീബ്, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഇമ്പിച്ച്യാലി മുസ്ലിയാര്‍ അമ്പലക്കണ്ടി പ്രസംഗിച്ചു. മുജവ്വിദ് ഇസ്മാഈല്‍ ഹുദവി ഏഴുര്‍ ക്ലാസിന് നേതൃത്വം നല്‍കി. റെയ്ഞ് സെക്രട്ടറി ശിഹാബുദ്ധീന്‍ ഫൈസി വയനാട് സ്വാഗതവും ഐ.ടി കോഡിനേറ്റര്‍ മുഹമ്മദ് അസ്അദി നന്ദിയും പറഞ്ഞു. 28 മദ്റസകളിലെ 55 മുഅല്ലിംകള്‍ പരിശീലനത്തില്‍ പങ്കെടുത്തു.
കേരളത്തില്‍ സെപ്തംബര്‍ ഒന്നു മുതല്‍ രണ്ടാം ഘട്ട പരിശീലന ക്ലാസുകള്‍ ആരംഭിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ കര്‍ണാടക, ആന്ധ്രപ്രദേശ്, വെസ്റ്റ് ബംഗാള്‍, ഝാർഖണ്ഡ്, ബീഹാര്‍, ആസ്സാം എന്നീ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കുള്ള പരിശീലനം സെപ്തംബര്‍ 18 മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. ഒന്നാം ഘട്ട പരിശീലനത്തില്‍ പങ്കെടുത്ത മുഅല്ലിംകളുടെ ഏകദിന ശില്‍പശാലയും മദ്റസ ഓണ്‍ലൈന്‍ ഖുര്‍ആന്‍ ക്ലാസുകളുടെ അവലോകനവും മുഫത്തിശുമാരുടെയും മുജവ്വിദുമാരുടെയും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാണ് മുഴുവന്‍ പരിശീലനങ്ങളും നടക്കുന്നത്.