സമസ്ത വനിതാ കോളേജ്: പ്രീ സ്കൂള്‍ അധ്യാപിക പരിശീലന കോഴ്സിന് തുടക്കമായി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള കോ-ഓര്‍ഡിനേഷന്‍ ഓഫ് കോളേജസ് ഫാളില, ഫളീല കോഴ്സിന്റെ ഭാഗമായുള്ള പ്രീസ്കൂള്‍ അധ്യാപിക പരിശീലന കോഴ്സിന് (ഫീറ്റ്) തുടക്കമായി. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം സി.എസ്.ഡബ്ലിയു.സി കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. ക്രസന്റ് ബോര്‍ഡിംഗ് മദ്റസ മാനേജര്‍ ഹാജി.പി.കെ മുഹമ്മദ്, സി.എസ്.ഡബ്ല്യു.സി കോഓര്‍ഡിനേറ്റര്‍ കബീര്‍ ഫൈസി ചെമ്മാട് പ്രസംഗിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളായ പി.കെ ഷാഹുല്‍ഹമീദ് മാസ്റ്റര്‍ മേല്‍മുറി,  റഹീം ചുഴലി, ശംസുദ്ധീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, എ. മുഹമ്മദ് മാസ്റ്റര്‍, ഫൈസല്‍ കൊളത്തൂര്‍, പി.സി സിദ്ദീഖുല്‍ അക്ബര്‍ വാഫി എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 അധ്യാപികമാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.