വ്യാജ ത്വരീഖത്തുകളില്‍ നിന്ന് വിട്ടു നില്‍ക്കുക – സമസ്ത

കോഴിക്കോട്: വ്യാജ ത്വരീഖത്തുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം അഭ്യര്‍ത്ഥിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേരത്തെ തള്ളിപറഞ്ഞ നൂരിഷ, ആലുവ തുടങ്ങിയ പേരില്‍ അറിയപ്പെട്ടിരുന്ന വ്യാജ ത്വരീഖത്തുകളെ വെള്ള പൂശിയും മഹാന്മാരിലേക്ക് ചേര്‍ക്കപ്പെടുന്ന ത്വരീഖത്തുകളുടെ പേരില്‍ ഇപ്പോള്‍ രംഗത്ത് വന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയും  ചെയ്യുന്ന ചില വ്യക്തികളുടെ ചെയ്തികളില്‍ നിന്ന് സമൂഹം വിട്ടു നില്‍ക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ശരീഅത്തിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ചിലരും ത്വരീഖത്തിന്റെ വക്താക്കളായി വിശ്വാസി സമൂഹത്തെ കബളിപ്പിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരക്കാരുമായി സഹകരിക്കുകയും അവരുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
ത്വരീഖത്തിന്റെ മാര്‍ഗത്തില്‍ ഏതെല്ലാം ആരെയെല്ലാം പിന്തുടരാമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പണ്ഡിതന്മാരെ സമീപിച്ച് വ്യക്തത വരുത്തേണ്ടതാണെന്നും യോഗം അഭ്യര്‍ത്ഥിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ നടത്തപ്പെടുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പ്രത്യേകം മാര്‍ഗദര്‍ശനവും പെരുമാറ്റച്ചട്ടവും നല്‍കാന്‍ തീരുമാനിച്ചു.
‘വഹാബിസം, ലിബറലിസം, മതനിരാസം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി എസ്.വൈ.എസ്. സംസ്ഥാന കമ്മിറ്റി നടത്തുന്ന ക്യാമ്പയിന്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ.ടി ഹംസ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, കെ.പി.സി തങ്ങല്‍ വല്ലപ്പുഴ, എം.പി കുഞ്ഞു മുഹമ്മദ് മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, ടി.എന്‍ ഇബ്രാഹീം കുട്ടി മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം. മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, പി.കെ ഹംസകുട്ടി ബാഖവി ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, ബി.കെ അബ്ദുല്‍ഖാദിര്‍ ഫൈസി ബംബ്രാണ, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.