അട്ടപ്പാടി: പള്ളിയുടെയും മദ്രസയുടെയും നിർമ്മാണവും ഉദ്ഘാടനചടങ്ങും സമുദായ സൗഹാർദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ പെട്ട പുതൂർ ഗ്രാമപഞ്ചായത്തിലാണ് സമുദായ സൗഹാർദത്തിന് സമാനതകളില്ലാത്ത ഈ മാതൃകക്ക് വേദിയായത്. 2019ലെ ഉരുൾപൊട്ടലിൽ ഒരു ഭാഗം പൂർണമായും തകർന്നു ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്ന പുതൂർ ബയാനുൽ
ഇസ്ലാം ജുമുഅത്ത് പള്ളിയും മദ്രസയുമാണ് പുതുക്കിപ്പണിതത്. പ്രവർത്തിയുടെയും രണ്ടിന്റെയും ഉദ്ഘാടന ചടങ്ങുമാണ് നമ്മുടെ രാജ്യത്തിന് അഭിമാനമായ മുഹൂർത്തം പങ്കുവെച്ചത്.
പുതൂർ പഞ്ചായത്തിലെ ഏക മസ്ജിദും മദ്രസയുമാണിത്. ഇരുപതോളം മുസ്ലിം കുടുംബങ്ങൾ
മാത്രമുള്ള ഇവിടെ നാട്ടുകാർക്ക് മസ്ജിദും മദ്രസയും നിര്‍മ്മിക്കാന്‍ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമസ്ത കൈത്താങ്ങ് ഫണ്ടിൽനിന്ന് ഒരു ചെറിയ സഹായം സ്വീകരിച്ച് അവർ പ്രവർത്തന ഗോദയിൽ ഇറങ്ങിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരും വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിന്‍കുട്ടി മാസ്റ്ററും സ്ഥലം സന്ദർശിച്ചു ഒരു വീഡിയോ ക്ലിപ്പ് തയ്യാറാക്കി ഉദാരമതികളില്‍ നിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു.
പള്ളി നിൽക്കുന്ന ഏഴര സെൻറ് സ്ഥലത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഉരുൾപൊട്ടൽ മൂലം നഷ്ടപ്പെട്ടിരുന്നു.
തകർന്ന ഭാഗം 10 മീറ്ററോളം താഴ്ചയിൽ നിന്ന് കെട്ടിപ്പൊക്കി വേണം പള്ളിയും മദ്രസയും സ്ഥാപിക്കാൻ 50 ലക്ഷത്തോളം രൂപയാണ് മതിപ്പു ചെലവ് കണക്കാക്കിയത്.
വീഡിയോ സന്ദേശം ഒരാഴ്ച സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. അപ്പോഴേക്കും ആവശ്യമായ തുക ലഭിക്കുകയുണ്ടായി. പള്ളി പുനർനിർമിക്കാൻ സ്ഥലം കൂടി ലഭ്യമാവേണ്ടതുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് പള്ളിയുടെ തൊട്ടടുത്ത സ്ഥലമുടമ അമ്മിണിയമ്മ കമ്മിറ്റി ഭാരവാഹികളെ സമീപിച്ച് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു തരാമെന്ന് അറിയിച്ചത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖേന സ്ഥലം ഏറ്റുവാങ്ങി.
ഇന്നലെ (31-3-2022) നടന്ന ഉദ്ഘാടന ചടങ്ങും മറ്റൊരു മാതൃകയായി. പുതൂരിലെയും പരിസര പ്രദേശത്തെയും സഹോദരസമുദായ അംഗങ്ങളും ക്ഷേത്രത്തിലെ പൂജാരികളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി അനിൽകുമാർ ഉൾപ്പെടെ ജനപ്രതിനിധികളും സംബന്ധിച്ച ഉദ്ഘാടന സദസ് ഏറെ പ്രൗഡമായിരുന്നു.
സമസ്തയുടെ 250ഓളം കൊടികളും തോരണങ്ങളും കെട്ടി അലങ്കരിച്ചതും സഹോദര സമുദായാംഗങ്ങളാണ്. അതിഥികൾക്ക് നൽകാനുള്ള ഇളനീറും ഇവരുടെ വക തന്നെ. ഒരു ഗ്രാമം മുഴുവനും കക്ഷി രാഷ്ട്രീയ മത ഭേദമന്യെ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞകാല പാരമ്പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള സന്ദേശം കൂടിയാണ് ഭാവിതലമുറക്ക് പകർന്നു നൽകിയത്. പുനർനിർമ്മിച്ച പള്ളിയുടെയും മദ്രസയുടെയും ഉദ്ഘാടനം ഏലംകുളം ബാപ്പു മുസ്ലിയാരും, ഓഫീസ് ഉദ്ഘാടനം ഒ.എം സൈനുൽ ആബിദ് തങ്ങള്‍ മേലാറ്റൂരും നിർവഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
മൂസ ദാരിമി, നാസർ ഫൈസി, അബ്ദുല്‍ ഖയ്യൂം, ഹംസക്കോയ ഹാജി ചേളാരി, സുലൈമാന്‍ ഫൈസി, ഐ മുഹമ്മദ് ഹാജി, മുത്തുകുട്ടി അണ്ണന്‍, സൈതലവി അന്‍വരി, മുഹമ്മദ് ബഷീർ, ഫൈസൽ അൻവരി, അബ്ദുറഷീദ് അൻവരി, സഹദ് സഖാഫി, ഷെരീഫ് അൻവരി, ഉമ്മര്‍, അബ്ദുസ്സലാം, ഹനീഫ, മുജീബ്, ജഅ്ഫർ, പി.കെ വെങ്കടാചലം, ഗണേശന്‍ പൂജാരി, കെ ധർമ്മരാജ്, എം മുരുകേശന്‍, മൂർത്തി ആലമരം, ഷണ്മുഖൻ, പി.ഐ ജോർജ്, സമ്പത്ത്, ബുട്ടാൻ അരണിക്കുളം, മൂപ്പന്‍ രാമകൃഷ്ണന്‍, ആർ നഞ്ചുന്‍, ശരണവൻ, നവജീവന്‍ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.