ഹിജാബ്: കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം ശരിവെയ്ക്കുകയും ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന നിരീക്ഷണം നടത്തുകയും ചെയ്ത കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയെ സമീപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് കോടതിയെ സമീപിച്ചത്.
മുസ്‌ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തലയും കഴുത്തും മറയ്ക്കുക എന്നത് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെയും പ്രവാചകാധ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍ബന്ധമാണ്. തലയും കഴുത്തും മറയ്ക്കാന്‍ ലോകത്തെ പല ഭാഗങ്ങളിലുമുള്ളവര്‍ സാഹചര്യത്തിനനുസരിച്ച് വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമാണെന്നും ഹരജയില്‍ പറയുന്നു.
ഹിജാബുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി അവലംബിച്ച ഖുര്‍ആന്‍ പരിഭാഷകന് വന്ന പിഴവാണ് ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്ന കോടതിയുടെ തെറ്റായ നിരീക്ഷണത്തിന് ഇടയാക്കിയത്. ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയ സൂക്തങ്ങളുണ്ടെന്നും ഹരജിയില്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച ഹദീസുകളും തര്‍ക്കമില്ലാത്തവയാണ്. ഹിജാബ് എന്ന വാക്ക് ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് ശിരോവസ്ത്രത്തെ വിലക്കാന്‍കഴിയില്ല. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണ്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ നിറത്തിനനുസരിച്ച് ഹിജാബ് ധരിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കണം.
സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ ശിരോവസ്ത്രം നീക്കം ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നത് ബഹുസ്വരതക്ക് വിരുദ്ധവും നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അവഹേളിക്കുകയും ചെയ്യുന്നതാണ്.
എല്ലാവരും ഒരേ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് നാസിപ്രത്യശാസ്ത്രത്തിന്റെ പകര്‍പ്പാണെന്നും ഹരജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച കര്‍ണാടക ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ മുത്വലാഖ്, അനന്തരവകാശം, വിവാഹം, ജുവൈനല്‍ ജസ്റ്റിസ് ആക്ട്, പൗരത്വനിയമഭേദഗതി, സ്ഥാപനങ്ങളുടെ ന്യൂനപക്ഷസ്വഭാവം, ബഹുഭാര്യത്വം തുടങ്ങി ഏഴ് വിഷയങ്ങളില്‍ സമസ്ത സുപ്രീം കോടതിയില്‍ കേസ് നടത്തിവരുന്നുണ്ട്. അതോടൊപ്പം മറ്റു പല കേസുകളിലു ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോബോര്‍ഡിനൊപ്പം നിവരവധി കേസുകളില്‍ സഹകരിക്കുന്നുമുണ്ട്. കേസില്‍ മുതിര്‍ന്ന അഭിഭാഷകരക്കൊ പ്പം അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരാകും.