റമദാന്‍ അവധി കഴിഞ്ഞു; നാളെ മദ്റസകള്‍ തുറക്കും. 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തും

ചേളാരി : റമദാന്‍ അവധി കഴിഞ്ഞു നാളെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 മദ്റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ മദ്റസ പഠനത്തിനെത്തും. മദ്റസയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുവരുന്നത്. ‘വിദ്യനുകരാം, വിജയം നേടാം’ െന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം.
കേരളത്തിനു പുറമെ, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, ആന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും
മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ വിദേശ രാജ്യങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അറബി, അറബി മലയാളം, അറബിക് തമിഴ്, ഉറുദു, ബംഗാളി, ആസാമീസ് എന്നീ ഭാഷകളിലെ പാഠപുസ്തകങ്ങള്‍ക്ക് പുറമെ 2,10,15,30 ജുസ്അ് മുസ്ഹഫും, മദ്റസ നോട്ടുബുക്കുകളും കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ മുഖേനെ വിതരണം ചെയ്തുവരുന്നു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അല്‍ബിര്‍റ്, അസ്മി സ്കൂള്‍ പാഠപുസ്തകങ്ങളും ഒന്ന്, രണ്ട് മദ്റസ ക്ലാസുകളിലേക്കുള്ള വര്‍ക്ക് ബുക്കുകകളും ബുക്ക് ഡിപ്പോ വഴി ലഭ്യമാവും.
പുതിയ മദ്റസ അധ്യയന വര്‍ഷത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും അറിയിച്ചു.