മദ്റസ ശാക്തീകരണ ക്യാമ്പയിന്‍ ഉദ്ഘാടനം മെയ് 17ന്

ചേളാരി : 2022 മെയ് 17 മുതല്‍ ജൂണ്‍ 15വരെ മദ്റസ ശാക്തീകരണ ക്യാമ്പയിന്‍ നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.  സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന് പൂക്കിപറമ്പ് സി.എച്ച് ഹൈദ്രൂസ് മുസ്ലിയാര്‍ സ്മാരക കോംപ്ലക്സില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 15നകം ജില്ലാ-റെയ്ഞ്ച് തല മാനേജ്മെന്റ് സംഗമങ്ങള്‍ നടക്കും. ഗുണമേന്മയുള്ള പഠനം ഉറപ്പാക്കുക, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, മദ്റസകളില്‍ പ്ലസ്ടു വരെ പഠനം ഉറപ്പുവരുത്തുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന കിറ്റുകള്‍ നല്‍കുക. പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് ക്യാമ്പയിന്‍ കാലയളവില്‍ പ്രധാനമായും നടപ്പിലാക്കുക.
പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് കെ.പി.പി തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി കോയ, സയ്യിദ് എം.എസ് തങ്ങള്‍ കാസര്‍ഗോഡ്, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, കെ.എം. കുട്ടി എടക്കുളം, കെ ശറഫുദ്ധീന്‍, സാദാലിയാഖത്തലി ഹാജി, എന്‍.ടി.സി അബ്ദുല്‍ മജീദ്, മുഹമ്മദ് ഇബ്നു ആദം, എ.കെ.െക മരക്കാര്‍, കെ.എ ശരീഫ് ഹാജി, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി, വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മൊയ്തീന്‍ നബ്ബ ഹാജി മംഗലാപുരം, മുഹമ്മദ് റഫീഖ് ഹാജി ദക്ഷിണ കന്നഡ, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ശഹീര്‍ ദേശ മംഗലം ചര്‍ച്ചയില്‍ പങ്കെടുത്തു.