ചേളാരി : മദ്റസ പഠനം കാര്യക്ഷമമാവാന്‍ മുഅല്ലിം – മാനേജ്മെന്റ് ബന്ധം സുദൃഢമാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ‘മികവ് – 22’ എന്ന പേരില്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി മെയ് 17 മുതല്‍ ജൂണ്‍ 15 വരെ ആചരിക്കുന്ന മദ്റസ ക്യാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ മദ്റസകളും മികവിന്റെ കേന്ദ്രങ്ങളായി മാറണം. മദ്റസ സംവിധാനത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ചെയ്തുവരുന്ന സേവനങ്ങള്‍ നിസ്തുലമാണ്. പുതിയ കാലഘട്ടത്തിനനുസരിച്ച് അദ്ധ്യയന രംഗത്തും മദ്റസകളുടെ ഭൗതിക സാഹചര്യങ്ങളിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ആനുകൂല്യങ്ങള്‍ക്ക് മുറവിളി കൂട്ടാതെ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നവരാണ് മുഅല്ലിംകള്‍. അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ചെയ്യേണ്ടത് മാനേജ്മെന്റിന്റെ ബാദ്ധ്യതയാണ്. ഇരുകൂട്ടരും പരസ്പര ബഹുമാനത്തോടെയും വിശ്വാസത്തോടെയുമായിരിക്കണം നിലകൊള്ളേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.
വെന്നിയൂര്‍ എന്‍.യു.എച്ച്.എസ് മദ്റസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എസ്.കെ.എം.എം.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, എസ്.കെ.ഐ.എം.വി ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ദാരിമി, അബ്ദുല്‍ ഖാദിര്‍ അല്‍ഖാസിമി, സദാലിയാഖത്തലി ഹാജി, ഇബ്നു ആദം കണ്ണൂര്‍, എന്‍.ടി.സി അബ്ദുല്‍ മജീദ്, അഡ്വ. നാസര്‍ കാളമ്പാറ, എ.കെ.കെ മരക്കാര്‍, റാഫി മുസ്ലിയാര്‍ പുതുപ്പറമ്പ്, സയ്യിദ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് കുഞ്ഞിമോന്‍ തങ്ങള്‍, സയ്യിദ് മുസ്തഫ തങ്ങള്‍ പ്രസംഗിച്ചു. എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങല്‍ വെട്ടിച്ചിറ സ്വാഗതവും മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി കെ.എം കുട്ടി എടക്കുളം നന്ദിയും പറഞ്ഞു.