തഹ്സീനുൽ ഖിറാഅ: രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ 2019 മുതൽ നടപ്പാക്കി വരുന്ന തഹ്സീനുൽ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ആരംഭിച്ചു. വിശുദ്ധ ഖുർആൻ ശരിയായ രീതിയിൽ പാരായണം ചെയ്യുന്നതിനും, പാരായണം, മനഃപ്പാഠം എന്നിവ പഠിതാക്കൾക്ക് പ്രയാസം കൂടാതെ അഭ്യസിക്കുന്നതിന്റെ മന:ശാസ്ത്ര സമീപനം സംബന്ധിച്ചും രക്ഷിതാക്കൾക്കും മുഅല്ലിം കൾക്കും പരിശീലനം നൽകുന്നതിനുമാണ് രണ്ടാം ഘട്ട പരിശീലനം. ആദ്യ ദിവസം മദ്രസ്സ കമ്മിറ്റി ഭാരവാഹികൾക്കും തുടർന്ന് 5ദിവസം മുഅല്ലിംകൾക്കുമാണ് പരിശീലനം.
രണ്ടാംഘട്ട പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ‌ദുനുൽ ഉലൂം ഹയർ സെക്കണ്ടറി മദ്രസ്സ ഓഡിറ്റോറിയത്തിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ നിര്‍വ്വഹിച്ചു. തഹ്സീനുൽ ഖിറാഅ: കൺവീനർ കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം അധ്യക്ഷനായി. എം.പി അലവി ഫൈസി, സി.പി ബിച്ചാൻ ഹാജി, പി കുഞ്ഞി മുഹമ്മദ്‌, കെ.പി ബാപ്പു ഹാജി, അലവിക്കുട്ടി ഓളവട്ടൂർ, സി.ടി മുഹമ്മദ്‌, കെ.സി അഹ്‌മദ് കുട്ടി മൗലവി, എം.പി ഹംസ മുസ്ലിയാർ, അബ്ദുൽ ഹമീദ് നാണി, പി.ഇ കുഞ്ഞാപ്പു പ്രസംഗിച്ചു. മുജാവ്വിദ് കെ. മുഹമ്മദ്‌ ഫൈസി ക്ലാസ്സിന് നേതൃത്വം നൽകി. സയ്യിദ് ബി.എസ്.കെ തങ്ങൾ പ്രാർത്ഥന നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും എം. അബ്ദുനാസർ ദാരിമി നന്ദിയും പറഞ്ഞു.
കൊണ്ടോട്ടിക്കു പുറമെ കോട്ടൂർ, കിഴിശ്ശേരി, ചോക്കാട്, കാവനൂർ, പുളിക്കൽ, കൊടക്കാട്, തളങ്കര എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളിൽ വെച്ചും പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആദ്യ ബാച്ച് പരിശീലനം മെയ് 26നു സമാപിക്കും.