ചേളാരി: മുന്‍ഗാമികളായ മഹത്തുക്കള്‍ കാണിച്ചു തന്ന പാന്ഥാവില്‍ നിന്നുള്ള വ്യതിയാനം സര്‍വ്വ നാഷത്തിനും കാരണമാവുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ മൂന്നാം ഘട്ട സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില്‍ക്കുന്ന ഉഖ്‌റവിയായ പണ്ഡിതരെ വാര്‍ത്തെടുക്കാനും തലമുറകളുടെ ധാര്‍മ്മിക ബോധവും ബിദാഈ ആശയ പ്രതിരോധവും ലക്ഷ്യമാക്കിയാണ് സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തിയിട്ടുള്ളത്. മദ്ഹബുകള്‍ തമ്മില്‍ താരതമ്യം പഠനം നടത്തി ഏത് മദ്ഹബാണ് പ്രബലം എന്ന് വിദ്യാര്‍ത്ഥികള്‍ നിര്‍ണയിക്കുന്ന രീതി ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും അത് നവീന ആശയങ്ങളിലേക്ക് നയിക്കാന്‍ ഇടവരുത്തും. സ്ഥാപന ഭാരവാഹികളും ഗുരുനാഥന്മാരും മറ്റുള്ളവര്‍ക്ക് മാതൃകയായിരിക്കണം. ഉസ്താദുമാര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കേണ്ടത് ഉമറാക്കളുടെ ഉത്തരവാദിത്തമാണ്. സ്ഥാപനങ്ങളെ സര്‍വ്വതോന്മുഖമായ പുരോഗതിയിലെത്താന്‍ ഭാഗവാഹികള്‍ പരിശ്രമിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവം പറഞ്ഞു. സെക്രട്ടറി പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍മാരായ എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗം ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
ഫൈസി, ദാരിമി, യമാനി, ഫാളില, ഫളീല, അസ്അദി, അഹ്‌സനി, അസ്ഹരി, അര്‍ശദി എന്നീ ബിരുദം നല്‍കുന്ന സ്ഥാപനങ്ങളുടെയും അവയുടെ സഹസ്ഥാപനങ്ങളുടെയും മുന്നൂറോളം ഭാരവാഹികള്‍ സംഗമത്തില്‍ പങ്കെടുത്തു.