പാഠ്യ പദ്ധതി ചട്ടക്കൂട്: വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം. – സമസ്ത

കോഴിക്കോട് :ദേശീയ വിദ്യാഭ്യാസ നയം -2020 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തയ്യാറാക്കി സമൂഹ ചര്‍ച്ചക്കായി സമര്‍പ്പിച്ച കേരള പാഠ്യ പദ്ധതി ചട്ടക്കൂടിലെ വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പല നിര്‍ദ്ദേശങ്ങളും പാഠ്യ പദ്ധതി ചട്ടക്കൂടില്‍ അടങ്ങിയിട്ടുണ്ടെങ്കിലും മത -ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതും കേരളീയ സാഹചര്യങ്ങള്‍ക്ക് യോജിക്കാത്തതുമായ ചില നിര്‍ദ്ദേശങ്ങള്‍ കെ.സി.എഫില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. ലിംഗ നീതി, ലിംഗ സമത്വം എന്നിവയുടെ പേരിലുള്ള നിര്‍ദ്ദേശങ്ങള്‍ മത -ധാര്‍മിക മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണ്. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ മദ്രസ്സ പഠനത്തിന് തടസ്സമുണ്ടാവാത്ത വിധത്തില്‍ സ്‌കൂള്‍ പഠന സമയം ക്രമീകരിച്ചു വരുന്നുണ്ട്. ആ നില തുടരണം. മത നിരാസം പ്രോത്സാഹിപ്പിക്കാതെ രാജ്യത്തിന്റെ ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച മതേതര കാഴ്ചപ്പാടിന് അനുസൃതമായിരിക്കണം സ്‌കൂള്‍ പാഠ്യ പദ്ധതി. വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.പാഠ്യ പദ്ധതി പരിഷ്‌കരണത്തിന്റെ മുന്നോടിയായി സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.