സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 ന് തിരുവനന്തപുരത്ത്

ചേളാരി: സമസ്ത പ്രവാസി സെല്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നവംബര്‍ 23, 24 തിയ്യതികളില്‍ തിരുവനന്തപുരം നെയ്യാര്‍ഡാം സൈറ്റില്‍ വെച്ച് നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത പ്രവാസി സെല്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.
സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍ക്കു പുറമെ ജില്ലാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍ ഉള്‍പ്പെടെ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഒക്‌ടോബര്‍ 31 നകം ജില്ലാ-മണ്ഡലം സംഗമങ്ങള്‍ ചേരും. ഡിസംബറില്‍ പ്രവാസികളെ സംബന്ധിച്ചുള്ള സെന്‍സസ് നടത്തും. 2023 ജനുവരിയില്‍ സംസ്ഥാന ഭാരവാഹികളുടെ ജില്ലാ തല പര്യടനവും ഫെബ്രുവരിയില്‍ ജീവകാരുണ്യ പദ്ധതിക്കുള്ള വിഭവസമാഹരണവും മാര്‍ച്ചില്‍ ആശ്വാസ് പദ്ധതി സഹായ വിതരണവും ഏപ്രിലില്‍ റമദാന്‍ ക്യാമ്പയിനും നടത്താന്‍ തീരുമാനിച്ചു. മെയ് മാസത്തില്‍ വിദ്യാഭ്യാസ ഹെല്‍പ് ഡെസ്‌ക്ക് സ്ഥാപിക്കും. ജൂണ്‍, ജൂലൈ അവാര്‍ഡ് ദാനവും ഗൈഡ്‌ലൈന്‍സ് ക്ലാസുകളും സംഘടിപ്പിക്കും. 2023 ആഗസ്റ്റില്‍ മലപ്പുറത്ത് സംസ്ഥാന സംഗമം നടത്താനും തീരുമാനിച്ചു.
വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുല്ലക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ കര്‍മ്മപദ്ധതി അവതരിപ്പിച്ചു. ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, മുസ്തഫ ബാഖവി പെരുമുഖം, വി.കെ മുഹമ്മദ് കണ്ണൂര്‍, ഒ.കെ.എം മൗലവി ആനമങ്ങാട്, അബ്ദുറഹീം കളപ്പാടം, അബ്ദുല്‍മജീദ് ദാരിമി കൊല്ലം, കെ.വി ഹംസ മൗലവി, അസീസ് പുള്ളാവൂര്‍, മൂസക്കുട്ടി നെല്ലിക്കാപറമ്പ്, വി.പി ഇസ്മായില്‍ ഹാജി, എം.കെ കുഞ്ഞാലന്‍ ഹാജി, ഒ.കെ.എം കുട്ടി ഉമരി, എ.കെ ആലിപ്പറമ്പ്, കെ. യൂസുഫ് ദാരിമി, കെ.എസ്.എം ബഷീര്‍, സി.കെ അബൂബക്കര്‍ ഫൈസി ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍സെക്രട്ടറി ഇസ്മയില്‍ കുഞ്ഞു ഹാജി മാന്നാര്‍ സ്വാഗതവും സെക്രട്ടറി മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.