സമസ്ത നേതൃസംഗമം; മാധ്യമം വാര്‍ത്ത വസ്തുതകള്‍ക്ക് നിരക്കാത്തത്

ചേളാരി: സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 03-11-2022ന് ചേളാരിയില്‍ നടന്ന സമസ്ത നേതൃ സംഗമം ബഹളത്തില്‍ കലാശിച്ചു എന്ന രീതിയില്‍ ഇന്നലത്തെ (14-11-2022) മാധ്യമം പത്രത്തില്‍ വന്ന വാര്‍ത്തയിലെ ചില പരാമര്‍ശങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്ന് ഇറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇത്തരം വാര്‍ത്തകള്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനെ ഉപകരിക്കുകയുള്ളൂ.
സമസ്ത നൂറാം വാര്‍ഷികത്തിന്റെ മുന്നോടിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സമകാലിക സാഹചര്യങ്ങള്‍ വിശദീകരിക്കുന്നതിനും വേണ്ടിയാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃസംഗമം വിളിച്ചു ചേര്‍ത്തത്.
സാധാരണ നടക്കുന്ന യോഗ നടപടികളും ആനുകാലിക വിഷയങ്ങളിലുള്ള വിശദീകരണവും നടത്തി നല്ല രീതിയില്‍ പിരിഞ്ഞ യോഗം ബഹളത്തില്‍ കലാശിച്ചു എന്ന രീതിയില്‍ വാര്‍ത്ത കൊടുത്തതിന്റെ പിന്നിലുള്ള താല്‍പര്യം സമസ്തയുടെ പ്രവര്‍ത്തകര്‍ക്കറിയാമെങ്കിലും വായനക്കാര്‍ തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഇങ്ങിനെ ഒരു പത്രകുറിപ്പ് പ്രസിദ്ധീകരിക്കേണ്ടി വന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്രമുശാവറ അംഗങ്ങളും പാണക്കാട് സാദാത്തീങ്ങളും പോഷക സംഘടനകളുടെ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്ത യോഗം നല്ല രീതിയില്‍ പര്യവസാനിച്ചതിലുള്ള അസഹിഷ്ണുതയാവാം ഇങ്ങനെ ഒരു വാര്‍ത്ത കൊടുക്കാന്‍ മാധ്യമത്തെ പ്രേരിപ്പിച്ചതെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.