ബഹ്റൈന്‍: ധാര്‍മ്മിക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് ജീവിതം ചിട്ടപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ സമസ്ത കേരള സുന്നി ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ‘നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി’ എന്ന പ്രമേയത്തില്‍ നടത്തിയ മീലാദ് കാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സൃഷ്ടാവിനെ സൂക്ഷിച്ചും ആരാധനാലയങ്ങളില്‍ നിസ്കര്‍ഷത പുലര്‍ത്തിയും ജീവിതം ധന്യമാക്കാന്‍ പരമാവധി സമയം കണ്ടെത്തണമെന്നും തങ്ങള്‍ പറഞ്ഞു. പ്രവാസ ജീവിതം കളി വിനോദങ്ങള്‍ക്ക് മാത്രമാവരുത്. ദിക്റ്, ദുആ മജ്ലിസ് സംഘടിപ്പിച്ചും മതപഠന ക്ലാസുകളില്‍ സംബന്ധിച്ചും നമ്മുടെ പാതയില്‍ അണിനിരക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ യത്നിക്കമണമെന്നും തങ്ങള‍് പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.
ബഹ്റൈന്‍ സമസ്ത കേരള സുന്നി ജമാഅത്ത് പ്രസിഡന്റ് സയ്യിദ് ഫക്റുദ്ധീന്‍ പൂക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ബഹ്റൈന്‍ ശൂറാ കൗണ്‍സില്‍ ജഡ്ജ് ശൈഖ് ഹമദ് സാമിഫാളില്‍ അല്‍ദോസരി ഉദ്ഘാടനം ചെയ്തു. സമസ്ത ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍, ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, കെ.എം.സി.സി പ്രസിഡന്റ് ഹബീബുറഹ്മാന്‍ മേലാറ്റൂര്‍ പ്രസംഗിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് നേതാക്കളായ സയ്യിദ് യാസര്‍ ജിഫ്രി മുഹമ്മദ് മുസ്ലിയാര്‍, സൈത് മുഹമ്മദ് വഹബി, മുസ്തഫ കളത്തില‍്, അശ്റഫ് കാട്ടില്‍പീടിക, ശഹീര്‍ കാടാമ്പള്ളി, കെ.എം.സി.സി നേതാക്കളായ ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍, ബഹ്റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി റശീദ് ഫൈസി കമ്പളക്കാട്, ശറഫുദ്ദീന്‍ മാരായമംഗലം, ശാഫി വേളം, നൗഷാദ് ഹമദ് ടൗണ്‍, എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അബ്ദുല്‍ മജീദ് ചോലക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് പ്രതിസന്ധികാലത്ത് ചെയ്ത സേവനങ്ങള്‍ മുന്‍നിര്‍ത്തി സമസ്ത ബഹ്റൈന്‍ കേന്ദ്രകമ്മിറ്റി കീഴ്ഘടകങ്ങള്‍ക്ക് നില്‍കിയ പ്രശംസ പത്രം സയ്യിദ് ജിഫ്രി തങ്ങള്‍ കൈമാറി. കമാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും സമസ്ത ബഹ്റൈന്‍ ജനറല്‍ സെക്രട്ടറി വികെ കുഞ്ഞഹമ്മദ് ഹാജി നന്ദിയും പറഞ്ഞു.