ചേളാരി: സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഡിസംബര്‍ 30ന് നടക്കുന്ന ആറാം ഘട്ട ഫണ്ട് സമാഹരണത്തോടനുബന്ധിച്ചുള്ള സമസ്ത നേതൃസംഗമങ്ങള്‍ക്ക് ചേളാരിയില്‍ തുടക്കമായി. മലപ്പുറം ഈസ്റ്റ്, വെസ്റ്റ് ജില്ലകളുടെ സംഗമമാണ് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ നടന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും സംസ്ഥാന-ജില്ലാ നേതാക്കളും റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറിമാരുമാണ് നേതൃസംഗമത്തില്‍ പങ്കെടുത്തത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങള്‍ക്കും വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്കും വന്‍ സ്വീകാര്യതയാണ് എല്ലായിടത്ത് നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു.
2015ല്‍ തുടക്കം കുറിച്ച കൈത്താങ്ങ് പദ്ധതിയിലൂടെ ദൂരിതബാധിതരായ നിരവധി പേര്‍ക്ക് അവശത അനുഭവിക്കുന്ന മഹല്ലുകള്‍ക്കും വലിയ ആശ്വാസമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമസ്തയെ ശക്തിപ്പെടുത്തുന്നതില്‍ വലിയപങ്കുവഹിച്ച മുഅല്ലിംകളും സംഘടനാ പ്രവര്‍ത്തകരും പൊതുജനങ്ങളും കൈത്താങ്ങ് പദ്ധതിയുടെ ആറാം ഘട്ട ഫണ്ട് സമാഹരണവും വന്‍ വിജയമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അദ്ധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ കൈത്താങ്ങ് പദ്ധതി വിശദീകരണം നടത്തി. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, യു മുഹമ്മദ് ശാഫി ഹാജി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, സത്താര്‍ പന്തല്ലൂര്‍, എം.എ ചേളാരി പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ സ്വാഗതവും കോ-ഓര്‍ഡിനേറ്റര്‍ കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്ദിയും പറഞ്ഞു.
കോഴിക്കോട്, വയനാട്, നീലഗിരി ജില്ലകളുടെ സംഗമം ഇന്ന് (13-12-2022) രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.