മഞ്ചേരി സമസ്ത സെന്റര്‍ ഉദ്ഘാടനം നാളെ

മഞ്ചേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മഞ്ചേരിയില്‍ സ്ഥാപിച്ച സമസ്ത സെന്ററിന്റെ ഉദ്ഘാടനം നാളെ (18/12/2022) ഞായര്‍ വൈകുന്നേരം 3.30ന് നടക്കും. മഞ്ചേരി പഴയ ബസ്റ്റാന്റിന് സമീപം സ്ഥാപിച്ച മൂന്ന് നില കെട്ടിട സമുച്ഛയത്തില്‍ നിസ്കാര ഹാള്‍, ഷോപ്പിംഗ് സെന്റര്‍, കോണ്‍ഫ്രന്‍സ് ഹാള്‍, ഗസ്റ്റ് റൂം, ലൈബ്രറി ഹാള്‍, യാത്രക്കാരായ സ്ത്രീകള്‍ക്ക് നിസ്കാര സൗകര്യം, ഓഫീസ് തുടങ്ങിയ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാക്ക് ഏറനാടന്‍ ആസ്ഥാനത്ത് ഒരു കേന്ദ്രമെന്ന പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമാണ് ഇതോടെ പൂവണിയുന്നത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍, പൗരപ്രമുഖര്‍ സംബന്ധിക്കും.
മഞ്ചേരി സമസ്ത സെന്ററില്‍ എം.ടി അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കി. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, എം.പി.എം. ഷരീഫ് കുരിക്കള്‍ സംസാരിച്ചു. കെ മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു