സ്ഥാപനങ്ങള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക – സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

ചേളാരി: സമസ്തയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അക്കാദമിക കാര്യങ്ങള്‍ ഉള്‍പ്പെടെ എല്ലാം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാഫി, വഫിയ്യ സ്ഥാപന ഭാരവാഹികളുടെ സംഗമത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സമസ്തയുടെ ആശയാദര്‍ശങ്ങള്‍ അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ബഹുജന പിന്തുണ ആര്‍ജ്ജിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. സമസ്തക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടത് അതത് മാനേജ്മെന്റുകളുടെ ബാദ്ധ്യതയാണെന്നും തങ്ങള്‍ പറഞ്ഞു. സമസ്തയുടെ സംഘശക്തിയില്‍ വലിയ മുന്നേറ്റമുണ്ടായതായും മുസ്ലിം സമുദായം സമസ്തയില്‍ അര്‍പ്പിച്ച വിശ്വാസം ഒരിക്കല്‍ കൂടി ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു ജനുവരി എട്ടിന് കോഴിക്കോട് കടപ്പുറത്ത് നടന്ന സമസ്ത ആദര്‍ശ മഹാസമ്മേളനമെന്നും തങ്ങള്‍ തുടര്‍ന്ന് പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് സ്വാഗതം പറഞ്ഞു.എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി  സ്ഥാപനങ്ങള്‍ക്ക് സമസ്ത കേന്ദ്ര മുശാവറ അംഗീകരിച്ച നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ രേഖ കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ നിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, വി. മൂസക്കോയ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, കെ ഹൈദര്‍ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി, പോഷക സംഘടനാ നേതാക്കളായ സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, യു മുഹമ്മദ് ശാഫി ഹാജി, എ.എം പരീദ്, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഇബ്രാഹീം ഫൈസി പേരാല്‍, കെ.എ റഹ്മാന്‍ ഫൈസി, എം.എ ചേളാരി പ്രസംഗിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.