വെളിമുക്ക് : പാരമ്പര്യ വിശ്വാസ ആചാരങ്ങല്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ നടന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എഴുപത്തിയൊന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവരെ കാണിക്കാനോ പേരെടുക്കാനോ ആവരുത്. സൃഷ്ടാവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടായിരിക്കണം സംഘടന പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന തത്വങ്ങളില്‍ നിന്നും വ്യതിചലിക്കാതെ ഭാവിതലമുറയെ സല്‍സരണിയില്‍ നിലനിര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കണം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നൂറാം വാര്‍ഷികത്തോടെ വന്‍മുന്നേറ്റത്തിന് വഴിഒരുക്കുമെന്നും തങ്ങള്‍ പറഞ്ഞു.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുഗ്രഹപ്രഭാഷണം നടത്തി. പരിമിതികളും പ്രതിസന്ധികളും തരണം ചെയ്താണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വന്‍ മുന്നേറ്റം നടത്തിയതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമുദായ നന്മയാണ് സമസ്തയുടെ ലക്ഷ്യം. മതം നിരാകരിക്കണമെന്ന പ്രചാരണത്തിനെതിരെ ശക്തമായ ബോധവല്‍ക്കരണം ആവശ്യമാണ്. സമസ്തയുടെ മദ്റസ സംവിധാനം അന്തര്‍ദേശീയ നേതാക്കള്‍ വരെ പ്രശംസിക്കപ്പെട്ടതായും തങ്ങള്‍ പറഞ്ഞു.
പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍ പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.