ഉത്തമ കുടുംബ സൃഷ്ടിക്ക് മതബോധമുള്ള കുടുംബിനികള്‍ അനിവാര്യം – പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍

ചേളാരി: ഉത്തമ കുടുംബ സൃഷ്ടിക്ക് മതബോധമുള്ള കുടുംബിനികള്‍ അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരത്തോടെ നടത്തുന്ന ഫാളി, ഫളീല സ്ഥാപന മാനേജ്മെന്റ് മീറ്റ് ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ത്തമാന സാഹചര്യത്തില്‍ പെണ്‍കുട്ടികള്‍ക്ക് മത വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധാന്യം രക്ഷിതാക്കള്‍ ഉള്‍ക്കൊള്ളണം.
സമസ്ത വിഭാവനം ചെയ്ത ഫാളി, ഫളീല സംവിധാനത്തിന് വലിയ സ്വീകാര്യതയാണ് ഇതിനകം സമുദായത്തില്‍ നിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൗൺസിൽ ഓഫ് സമസ്ത വിമൺസ് കേളേജസ് ചെയർമാൻ എം.ടി അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷനായി. അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന്റെ പ്രകാശനം എം.ടി അബ്ദുല്ല മുസ്ലിയാർ മുന്‍ ആര്‍.ടി.ഒ മുസ്തഫക്ക് നല്‍കി നിർവഹിച്ചു.
സി.എസ്.ഡബ്ല്യു,സി കൺവീനർ അബ്ദുസ്സമദ് പൂക്കോട്ടൂർ വിഷയാവതരണം നടത്തി. സമസ്ത ജനറല്‍ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സ്വാഗതം പറഞ്ഞു. കെ. ഉമർ ഫെസി മുക്കം, ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, പുത്തനഴി മൊയ്‌തീൻ ഫൈസി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാര്‍, കെ.എം അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
കോ-ഓർഡിനേറ്റർ കബീർ ഫൈസി ചെമ്മാട് ചർച്ചകൾ ക്രൊഡീകരിച്ചു സംസാരിച്ചു. കേരളത്തിലും കർണ്ണാടകയിലുമുള്ള 102 കോളേജുകളിൽ നിന്നുള്ള പ്രതിനിധികള്‍ മീറ്റിൽ പങ്കെടുത്തു.