സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ശക്തിപ്പെടുത്തും – സമസ്ത ഏകോപന സമിതി

കോഴിക്കോട്: സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ശക്തിപ്പെടുത്താന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക സംഘടനകളും ഉള്‍പ്പെട്ട സമസ്ത ഏകോപന സമിതി യോഗം തീരുമാനിച്ചു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി സമസ്ത ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് 2023 മുതല്‍ ആരംഭിക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി. പദ്ധതിയുടെ വിജയത്തിന് വേണ്ടി ആവശ്യമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി ബന്ധപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറയുടെ തീരുമാനം യോഗത്തില്‍ വിശദീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി. ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, പോഷക സംഘടന നേതാക്കളായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പി.കെ. ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെഎച്ച്. കോട്ടപ്പുഴ സംസാരിച്ചു. ഏകോപന സമിതി കണ്‍വീനര്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.