ദേശീയ വിദ്യാഭ്യാസ പദ്ധതിയുമായി മുന്നോട്ട് പോകും: സമസ്ത

കോഴിക്കോട്: ആനുകാലിക സംഭവവികാസങ്ങൾ സമഗ്രമായി വിലയിരുത്തിയശേഷം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ രൂപകൽപ്പന നൽകിയ സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി (SNEC) ഒരു വിഘ്നവും കൂടാതെ മുന്നോട്ടുപോകുമെന്നും സമസ്തയേയും സദാത്തുക്കളേയും ഇകഴ്ത്തുന്ന പ്രസ്താവനകളിലും ദുഷ്പ്രചാരണങ്ങളിലും പ്രവർത്തകർ വഞ്ചിതരാകരുതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, ജന. സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡണ്ട് മൂസക്കുട്ടി ഹസ്രത്ത്, ജന. സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
 വാഫി , വഫിയ്യ സംവിധാനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉപദേശ നിർദ്ദേശങ്ങൾ അനുസരിച്ച് നടത്തേണ്ടതാണെന്നും ഈ തീരുമാനം അംഗീകരിക്കാത്തവർ പ്രസ്തുത സംവിധാനത്തിൽ നിന്നും മാറി നിൽക്കേണ്ടതാണെന്നും ബഹു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം സമസ്ത കേന്ദ്ര മുശാവറക്ക് രേഖാമൂലം കൈമാറിയിരുന്നു എങ്കിലും സ്ഥാപനങ്ങൾ ക്ക് വേണ്ടി സമസ്ത തയ്യാറാക്കി നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ സി.ഐ.സി ഇതുവരെയും അംഗീകരിക്കാത്തത് പ്രതിഷേധാർഹം ആണെന്നും നേതാക്കൾ പറഞ്ഞു.