സമസ്ത സ്ഥാപക ദിനാചരണം വിജയിപ്പിക്കുക

ചേളാരി: ജൂണ്‍ 26 സമസ്ത സ്ഥാപക ദിനാചരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു. പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പുത്തന്‍ ചിന്താഗതിക്കാരുടെ തെറ്റായ പ്രചാരണ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനും മുഖ്യലക്ഷ്യമാക്കി 1926 ജൂണ്‍ 26ന് രൂപം നല്‍കിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിനൊരുങ്ങുകയാണ്.
ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നിരവധി കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ട്. സമുദായ ഐക്യവും പരസ്പര സ്നേഹവും രാജ്യനന്മയും ലക്ഷ്യമാക്കിയുള്ള സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ ശക്തിപ്പെടുത്തുന്നതില്‍ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരാവണം. ജൂണ്‍ 26 തിങ്കളാഴ്ച സ്ഥാപക ദിനത്തില്‍ പതാക ഉയര്‍ത്തിയും സമസ്ത സന്ദേശ സദസ്സുകളും മറ്റും സംഘടിപ്പിച്ചും സ്ഥാപക ദിനം സമുചിതമായി ആചരിക്കാന്‍ സ്ഥാപന മേധാവികളും പോഷക സംഘടനാ ഭാരവാഹികളും നേതൃത്വം നല്‍കണമെന്ന് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.