കോഴിക്കോട്: പരിശുദ്ധ അഹ്ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതിന്റെയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായി സമസ്ത കേന്ദ്ര മുശാവറയുടെ തീരുമാനപ്രകാരം നടത്തുന്ന ജില്ലാ തല ഉലമാ സമ്മേളനത്തിന്റെ രൂപരേഖ തയ്യാറാക്കി. സെപ്തംബര്‍ 11,12 തിയ്യതികളില്‍ മലപ്പുറത്ത് വെച്ചാണ് ജില്ലാ സംഗമങ്ങളുടെ ഉദ്ഘാടനം നടക്കുക. മുവ്വായിരം പണ്ഡിതന്മാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ദ്വിദിന ക്യാമ്പും സമാപന സമ്മേളനവും നടക്കും. എം.ടി അബ്ദുല്ല മുസ്ലിയാരെ ചെയര്‍മാനായും വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസിയെ കണ്‍വീനറായും നിശ്ചയിച്ചു. സെപ്തംബര്‍ രണ്ടിന് രണ്ടുമണിക്ക് മലപ്പുറം സുന്നി മഹലില്‍ സംഘാടക സമിതി യോഗം ചേരാന്‍ നിശ്ചയിച്ചു.
സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളുടെ നേതൃസംഗമം സെപ്തംബര്‍ 7ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരാനും നിശ്ചയിച്ചു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, അസ്ഗറലി ഫൈസി പട്ടിക്കാട്, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു. സമിതി കണ്‍വീനര്‍ വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി സ്വാഗതവും മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.