കോഴിക്കോട് ജില്ല മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് സമസ്തയുടെ ഓണ്‍ലൈന്‍ പഠനം തുടങ്ങി

ചേളാരി: നിപ മൂലം കോഴിക്കോട് വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ ജില്ലയിലെ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നലെ (18.09.2023) മുതല്‍ സമസ്ത ഓണ്‍ലൈന്‍ പഠനം ആരംഭിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 1012 മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍ മദ്‌റസ പഠനത്തില്‍ പങ്കാളികളായത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിവിധ വിഷയങ്ങളുടെ ലിങ്ക് മദ്‌റസ മുഅല്ലിംകള്‍ ഓരോ വിദ്യാര്‍ത്ഥിക്കും നിശ്ചിത സമയം നല്‍കിയാണ് പഠനം സാദ്ധ്യമാക്കിയത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകമായി നിയോഗിച്ച മുഫത്തിശുമാര്‍ക്കാണ് മോണിറ്ററിംഗിന്റെ ചുമതല. 2020 ലെ കോവിഡ് മൂലം സമസ്ത ഏര്‍പ്പെടുത്തിയ ഒണ്‍ലൈന്‍ മദ്‌റസ ക്ലാസ് അക്കാദമിക് സമൂഹത്തെ പ്രത്യേക പ്രശംസ നേടിയിരുന്നു.