പിന്നോക്ക വിഭാഗം പട്ടികയുടെ പുനരവലോകനം ഉടന്‍ നടത്തണം: സമസ്ത ലീഗല്‍ സെല്‍

ചേളാരി: കേരള സംസ്ഥാന പിന്നോക്ക വിഭാഗം കമ്മിഷന്‍ ആക്ട് 1993 വകുപ്പ് 11(1) പ്രകാരം 2002, 2012, 2022 വര്‍ഷങ്ങളില്‍ നടക്കേണ്ടിയിരുന്ന പിന്നോക്ക വിഭാഗം പട്ടികയുടെ പുനരവലോകനം നടത്താതിരുന്നത് തികഞ്ഞ അനീതിയാണെന്നും കോടതി വിധി പ്രകാരം 2022 വര്‍ഷത്തെ പിന്നോക്ക വിഭാഗം പട്ടികയുടെ പുനരവലോകനം നടത്താന്‍ കേരള സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ കെ.ടി. കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം അദ്ധ്യക്ഷത വഹിച്ച യോഗം സമസ്ത സെക്രട്ടറി കെ. ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. കെ.പി. കോയ, പി. മാമുക്കോയ ഹാജി, സി.കെ.കെ. മാണിയൂര്‍, ബഷീര്‍ കല്ലേപാടം എന്നിവര്‍ സംസാരിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സ്വാഗതവും അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി നന്ദിയും പറഞ്ഞു.