ഫലസ്തീൻ :അക്രമത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾ അടിയന്തിരമായും ഇടപെടണം

കോഴിക്കോട് : ഫലസ്തീനികൾക്ക് നേരെ ഇസ്രായീൽ നടത്തുന്ന അക്രമത്തിൽ നിന്നും അവരെ പിന്തിരിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾ അടിയന്തിരമായും ഇട പെടണമെന്ന് കോഴിക്കോട് ചേർന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗം അഭ്യർത്ഥിച്ചു. ഗസ്സയിലും വെസ്റ്റ്‌ ബാങ്കിലും ഇസ്രായിലിലും പിഞ്ചു കുഞ്ഞുങ്ങൾ അടക്കം നിരവധി മനുഷ്യ ജീവനുകളാണ് ദിനേനെ കൊല്ലപ്പെടുന്നത്.മനുഷ്യത്വ രഹിത മായ സമീപനമാണ് ഇസ്രായേൽ ഭരണ കൂടം ഫലസ്തീൻ ജനതക്കെതിരെ സ്വീകരിച്ചു വരുന്നത്. ഇരകളോടൊപ്പം നിൽക്കുന്നതിനു പകരം വേട്ടക്കാരന് ശക്തി പകരുന്ന ചില രാഷ്ട്ര ങ്ങളുടെ നിലപാട് അത്യന്തം ഖേദകരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. മേഖലയിലെ ശാശ്വത സമാധാനത്തിന് ഐക്യരാഷ്ട്ര സഭമുൻകൈ എടുക്കണം. ദുരന്തത്തിനിരായാവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പ്രത്യേകം പ്രാർത്ഥന നടത്താനും സമസ്ത കേരള ജം ഇ യ്യത്തുൽ ഉലമ കേന്ദ്ര മുശാവറ യോഗം പ്രത്യേകം അഭ്യർത്ഥിച്ചിട്ടുണ്ട്.
ജോർദ്ദനിലെ അമ്മാൻ കേന്ദ്ര മായി പ്രവർത്തിക്കുന്ന റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിക്ക് സെന്റർ യു.എസിലെ ജോർജ് ടൗൺ സർവ്വകലാ ശാലയിലെ പ്രിൻസ് അൽ വലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലിം -ക്രിസ്ത്യൻ അണ്ടർ സ്റ്റാന്റ്റിംഗുമായി ചേർന്ന് ലോക മുസ്ലിംകളിൽ ഏറ്റവും സ്വാധീനമുള്ള 500 പേരെ തെരഞ്ഞെടുത്തതിൽ ഉൾപ്പെട്ട സമസ്ത കേന്ദ്ര മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡ് എക്സിക്യൂടീവ് മെമ്പറും എസ്.കെ.ജെ.എം.സി.സി. പ്രസിഡന്റുമായ ഡോ. ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്വി കൂരിയാടിനെ യോഗം അഭിനന്ദിച്ചു.
പുതുതായി രണ്ട് മദ്രസ്സകൾക്ക് കൂടി യോഗം അംഗീകാരം നൽകി. സിറാജൽ ഹുദ ഇംഗ്ളീഷ് മീഡിയം സ്കൂൾ മദ്രസ, മഞ്ഞൾപാറ (മലപ്പുറം), ബാഖിയാത്തുൽ ഹസനാത്ത് മദ്രസ, ഇന്ത്യൻ നഗർ, മംഗലം (തമിഴ്നാട് ) എന്നീ മദ്രസ്സകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്. സമസ്ത ജില്ലാ ഉലമ സമ്മേളനത്തിൽ പങ്കെടുക്കുന്ന അതാത് ജില്ലയിലെ മദ്രസ്സ സദർ മുഅല്ലിംകൾക്ക് ഡ്യൂട്ടി ലീവ് അനുവദിക്കാൻ തീരുമാനിച്ചു. മദ്രസ്സ പാഠപുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി എസ്.കെ.ജെ.എം.സി.സി കൗൺസിലർമാർക്ക് പ്രത്യേക ശില്പ ശാല നടത്താനും ഇ-മദ്രസ്സ ക്ലാസ് ഉദ്ഘാടനം ഒക്ടോബർ 18 ന് നടത്താനും തീരുമാനിച്ചു.
പ്രസിഡണ്ട്‌ പി.കെ മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. പി. പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, കെ. ടി. ഹംസ മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, എ. വി. അബ്ദുറഹ്മാൻ മുസ്ലിയാർ, ഡോ. ബഹാ ഉ ദ്ധീൻ മുഹമ്മദ്‌ നദ് വി കൂരിയാട്, വാക്കോട് മൊയ്‌തീൻകുട്ടിമുസ്ലിയാർ, എം. സി. മായിൻഹാജി, കെ. എം. അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം, ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, ഇസ്മയിൽ കുഞ്ഞ് ഹാജി മാന്നാർ, എസ്. സഈദ് മുസ്ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹ്മാൻ മുസ്ലിയാർ കൊടക് സംസാരിച്ചു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.