സമസ്ത പ്രാർത്ഥന ദിനം ഒക്ടോബർ 22 ന്

കോഴിക്കോട്: എല്ലാ വർഷവും റബീഉൽ ആഖിർ മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് സമസ്ത പ്രാർത്ഥന ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാ ദിനം ഒക്ടോബര്‍ 22ന് ഞായറാഴ്ച ആചരിക്കും. മൺമറഞ്ഞുപോയ മഹത്തുക്കൾ, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, മഹല്ല്, മദ്രസ്സ ഭാരവാഹികൾ, മുഅല്ലിംകൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സംഘടന പ്രവർത്തകർ എന്നിവരുടെ പരലോക ഗുണത്തിനും മറ്റും വേണ്ടി ഈ ദിനത്തിൽ  പ്രാർത്ഥന നടത്തും.
പ്രാർത്ഥന ദിനത്തിൽ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തി ഐക്യ ദാർഢ്യം പ്രകടിപ്പിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പതിനായിരത്തിൽ പരം മദ്രസ്സകളിലും ആയിരക്കണക്കിന് സ്ഥാപനങ്ങളിലും പ്രാർത്ഥന സദസ്സുകൾ സംഘടിപ്പിക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളും പ്രവർത്തകരും മഹല്ല്, മദ്രസ്സ ഭാരവാഹികളും മുഅല്ലിംകളും നേതൃത്വം നൽകും.
പ്രാർത്ഥ ദിനം വിജയിപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാർ, ട്രഷറർ പി.പി‌ ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പാണക്കാട് എന്നിവർ അഭ്യർത്ഥിച്ചു.