ഫലസ്തീന്‍: സമസ്ത ജില്ലാ പ്രാര്‍ത്ഥന സംഗമം മഹല്ല്തല വിളംബരം നടത്തി

ചേളാരി: ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഒക്ടോബര്‍ 31ന് സമസ്ത നടത്തുന്ന ജില്ലാ പ്രാര്‍ത്ഥന സംഗമത്തിന്റെ പ്രചാരണാര്‍ത്ഥം വെള്ളിയാഴ്ച ജുമുഅക്കു ശേഷം മഹല്ലുകളില്‍ നടത്തിയ വിളംബര ചടങ്ങില്‍ ആയിരങ്ങള്‍ പങ്കാളികളായി. കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തോളം മഹല്ലുകളിലാണ് ജുമുഅക്കു ശേഷം ഒക്ടോബര്‍ 31ലെ പരിപാടിയുടെ വിളംബരം ചെയ്തതും ഫലസ്തീന്‍ ജനതക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സദസ്സ് ഒരുക്കിയതും. മഹല്ല് കമ്മിറ്റി ഭാരവാഹികളും സംഘടന പ്രവര്‍ത്തകരും നേതൃത്വം നല്‍കി. ചേളാരി ഖാദിരിയ്യ ജുമാ മസ്ജിദില്‍ നടന്ന വിളംബര പരിപാടികള്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍ ഉല്‍ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. ഖത്തീബ് ജമാലുദ്ധീന്‍ ഫൈസി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അസി. മാനേജര്‍ ബിന്‍യാമിന്‍ ഹുദവി സ്വാഗതവും കെ.മൊയ്തീന്‍ ഫൈസി നന്ദിയും പറഞ്ഞു.