കളമശ്ശേരി സ്ഫോടനം: കുറ്റക്കാർക്കെതിരെ കർശന നടപടി വേണം – സമസ്ത

കോഴിക്കോട് :കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥന യോഗത്തിൽ ഉണ്ടായ സ്ഫോടനം അങ്ങേയറ്റം അപലപനീയമാണെന്നും കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും അഭ്യർത്ഥിച്ചു.
മത സൗഹാർദ്ദത്തിനും സമാധാന അന്തരീക്ഷത്തിനും രാജ്യത്ത് എന്നും മാതൃക കാണിച്ചിട്ടുള്ള സംസ്ഥാനമാണ് കേരളം. ഇതിന് ഭംഗം വരുത്തുന്ന ഏത് നീക്കത്തെയും കേരളീയ സമൂഹം ഒറ്റക്കെട്ടായി എതിർക്കണം. സംഭവത്തിന്റെ നിജസ്ഥിതി ഉടനെ വെളിച്ചെ ത്തുകൊണ്ട് വരണം. അന്വേഷണ ഉദ്യോഗസ്ഥരുമായി എല്ലാവരും സഹകരിക്കണമെന്നും അഭ്യൂഹങ്ങൾ പരത്തി സമാധാന അന്തരീക്ഷം തകർക്കാൻ അനുവദിക്കരുതെന്നും നേതാക്കൾ അഭ്യർത്ഥിച്ചു. സംഭവത്തിൽ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരുക്ക് പറ്റി ആശുപത്രി യിൽ കഴിയുന്നവരുടെയും ദുഃഖത്തിലും പ്രയാസത്തിലും  പങ്ക് ചേരുന്നു. മത ചിഹ്നങ്ങൾ, ആരാധനാലയങ്ങൾ എന്നിവ പവിത്ര മായി കാണണമെന്നും ഇത്തരം സംഭവങ്ങൾ ഇനി ഒരിടത്തും ആരിൽ നിന്നും ഉണ്ടാവരുതെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.