സമസ്ത 100-ാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം വന്‍ വിജയമാക്കുക – സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ തീരുമാന പ്രകാരം 2024 ജനുവരി 28 ന് ബംഗളൂരില്‍ വെച്ച് നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം വന്‍ വിജയമാക്കാന്‍ കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
ആദര്‍ശ വിശുദ്ധിയോടെ ശതാബ്ദി ആഘോഷത്തിന് തയ്യാറെടുക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും വിദ്യാഭ്യാസ ബോര്‍ഡിന്റെയും പ്രവര്‍ത്തനങ്ങള്‍ ദേശീയ തലത്തില്‍ കൂടുതല്‍ വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് ആവിഷ്‌കരിച്ചു നടപ്പാക്കിവരുന്നത്. 2026 ഫെബ്രുവരിയിലാണ് സമസ്ത നൂറാം വാര്‍ഷിക മഹാ സമ്മേളനം നടക്കുന്നത്. രണ്ട് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ ഭാഗമായാണ് ഉദ്ഘാടന മഹാ സമ്മേളനം ജനുവരി 28-ന് ബംഗളൂരില്‍ നടക്കുന്നത്.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 72 മത് വാര്‍ഷിക ജനറല്‍ ബോഡി യോഗം 2024 ജനുവരി 20-ന് രാവിലെ 11 മണിക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ വെച്ച് നടത്താന്‍ നിശ്ചയിച്ചു. ഈ വര്‍ഷത്തെ കൈത്താങ്ങ് പദ്ധതി ഫണ്ട് സമാഹരണം 2024 ഫെബ്രുവരി 8-ന് നടത്താനും തീരുമാനിച്ചു.
പുതുതായി രണ്ട് മദ്‌റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത അംഗീകൃത മദ്‌റസകളുടെ എണ്ണം 10761 ആയി. ബ്രൈറ്റല്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ മദ്‌റസ, പാറക്കടവ് (കോഴിക്കോട്), നൂറുല്‍ ഹുദാ ബ്രാഞ്ച് മദ്‌റസ എലിശ്ശേരി (പാലക്കാട്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമന്‍ മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, പി.കെ ഹംസക്കുട്ടി മുസ്‌ലിയാര്‍ ആദൃശ്ശേരി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം,കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍  കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.