സമസ്ത 100-ാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം ചരിത്രസംഭവമാക്കാന്‍ തകൃതിയായ ഒരുക്കങ്ങള്‍

ബംഗളൂരു: 2024 ജനുവരി 28-ന് ബംഗളൂരു പാലസ് ഗ്രൗണ്ട് ശംസുല്‍ ഉലമ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷികം ഉദ്ഘാടന മഹാസമ്മേളനം ചരിത്ര സംഭവമാക്കാന്‍ എങ്ങും തൃതിയായ ഒരുക്കങ്ങള്‍. ബംഗളൂരിലെ ഏറ്റവും വലിയ മൈതാനിയായ പാലസ് ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുക. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഉള്‍ക്കൊള്ളാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. കേരളത്തിനകത്തും പുറത്തുനിന്നുമായി നിരവധി വാഹനങ്ങള്‍ ഇതിനകം ബുക്ക് ചെയ്തിട്ടുണ്ട്. ബംഗളൂരു കേന്ദ്രീകരിച്ച് രൂപീകരിച്ച സ്വാഗത സംഘം ഭാരവാഹികളും വിവിധ സബ് കമ്മിറ്റി അംഗങ്ങളും ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി ദേശീയ-അന്തര്‍ദേശീയ തലത്തില്‍ നിരവധി പദ്ധതികളാണ് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നു വരുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ വെച്ച് കര്‍ണാടക സംസ്ഥാനത്തെ 1500 വിഖായ വളണ്ടിയര്‍മാരുടെ സമര്‍പ്പണവും നടക്കും.
2026-ല്‍ നടക്കുന്ന നൂറാം വാര്‍ഷിക ആഘോഷത്തിന്റെ സ്ഥലവും തിയ്യതിയും ജനുവരി 28-ന് ബംഗളൂരുവില്‍ വെച്ച് പ്രഖ്യാപിക്കും. സമ്മേളനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 30-ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ഭാരവാഹികളുടെ സംയുക്തയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.