സമസ്ത പ്രാർത്ഥന ദിനം ഞായറാഴ്ച

ചേളാരി : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ എല്ലാവര്‍ഷവും റബീഉല്‍ ആഖിറിലെ ആദ്യ ഞായറാഴ്ച പ്രാർത്ഥന ദിനമായി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷത്തെ പ്രാർത്ഥന ദിനം നവംബര്‍ 7ന് ഞായറാഴ്ച ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു.
ദീനീ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മണ്‍മറഞ്ഞുപോയ സംഘടനാ നേതാക്കള്‍, സാമൂഹിക-സേവന രംഗത്ത് നിറ സാന്നിധ്യമായി പ്രവർത്തിച്ച നേതാക്കള്‍, പ്രവര്‍ത്തകര്‍, പ്രസ്ഥാന ബന്ധുക്കള്‍, മദ്റസകളും പള്ളികളും മറ്റു ദീനീ സ്ഥാപനങ്ങളും പടുത്തുയർത്തിയവര്‍ എന്നിവരുടെ പരലോക ഗുണത്തിന് വേണ്ടി പ്രാർത്ഥിക്കാനും, അവരെ അനുസ്മരിക്കുന്നതിനും വേണ്ടിയാണ് വർഷത്തിൽ ഒരിക്കൽ പ്രത്യേക പ്രാർത്ഥന ദിനമായി ആചരിക്കുന്നത്.
മദ്റസകൾ കേന്ദ്രീകരിച്ചും പള്ളികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചും അന്നേ ദിവസം പ്രത്യേകം പ്രാർത്ഥന ചടങ്ങുകൾ നടത്താൻ സമസ്ത നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.

സമസ്ത പൊതുപരീക്ഷ: അപേക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ 2022 മാര്‍ച്ച് 11,12 തിയ്യതികളില്‍ വിദേശത്തും, 12, 13 തിയ്യതികളില്‍ ഇന്ത്യയിലും നടത്തുന്ന മദ്റസ പൊതുപരീക്ഷക്ക് 2021 നവംബര്‍ ഒന്ന് മുതല്‍ 30വരെ രജിസ്തര്‍ ചെയ്ത് ഫീസടക്കാം. നവംബര്‍ 30ന് ശേഷം സ്പെഷ്യല്‍ ഫീസോടുകൂടിയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
ഓണ്‍ലൈന്‍ മുഖേനെയാണ് അപേക്ഷിക്കേണ്ടത്. https://online.samastha.info എന്ന സൈറ്റ് ഓപ്പണാക്കി മദ്റസ ലോഗിന്‍ ചെയ്താണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. വിശദ വിവരങ്ങളടങ്ങിയ സര്‍ക്കുലറും, നിര്‍ദ്ദേശങ്ങളും മദ്റസ നോട്ടിഫിക്കേഷനില്‍ നല്‍കിയിട്ടുണ്ട്.

126 മദ്റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,442 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 126 മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,442 ആയി.
കേരളത്തില്‍ ചിറമംഗലം പാലേരിപറമ്പ് മിസ്ബാഹുല്‍ ഉലൂം മദ്റസക്കും, മറ്റു സംസ്ഥാനങ്ങളായ കര്‍ണാടക 17, വെസ്റ്റ് ബംഗാള്‍ 24, ആസാം 21, ആന്ധ്രാപ്രദേശ് 40, ബീഹാര്‍ 18, ജാര്‍ഖണ്ട് 5 മദ്റസകള്‍ക്കുമാണ് പുതുതായി അംഗീകാരം നല്‍കിയത്.
2021 നവംബര്‍ ഒന്ന് മുതല്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ജില്ലാ-റെയ്ഞ്ച്-മദ്റസ തലങ്ങളില്‍ നടന്ന മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. സമസ്ത കൈത്താങ്ങ് പദ്ധതിയുടെ നാലാംഘട്ട ഫണ്ട് സമാഹരണം 2021 ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റും ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പരലോക ഗുണത്തിനും മറ്റും  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ നന്തി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എം അബ്ദുറിഹമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് ”ഗോള്‍ഡ് പ്ലേ ബട്ടണ്‍”

ചേളാരി: സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലിന് ”ഗോള്‍ഡ് പ്ലേ ബട്ടണ്‍” ലഭിച്ചു. ലക്ഷങ്ങള്‍ പഠിതാക്കളായുള്ള സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ മദ്റസക്ക് നേരത്തെ യൂട്യൂബിന്റെ ‘സില്‍വര്‍ പ്ലേ ബട്ടണ്‍’ ലഭിച്ചിരുന്നു. ഒരുമില്യണ്‍ സബ് സ്ക്രൈബേഴ്സിനാണ് ഗോള്‍ഡ് പ്ലേ ബട്ടണ്‍ ലഭിക്കുക. കോവിഡ് മൂലം മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് 2020 ജൂണ്‍ ഒന്നു മുതല്‍ സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ്, ആപ്, ദര്‍ശന ടി.വി എന്നിവ മുഖേനെ ഓണ്‍ലൈന്‍ ചാനല്‍ വഴി മദ്റസ പഠനം നടത്തി വരുന്നത്. ഒന്നു മുതല്‍ പ്ലസ്ടു വരെ അറുപതോളം വിഷയങ്ങളില്‍ വെള്ളിയാഴ്ച ഒഴികെ ദിവസവും രാവിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്തുവരുന്നുണ്ട്. ഉറുദു, അറബി തമിഴ് എന്നീ ഭാഷകളിലും ക്ലാസുകള്‍ നടക്കുന്നുണ്ട്.
നവംബര്‍ ഒന്ന് മുതല്‍ മദ്റസ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഒക്ടോബര്‍ 31 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടാവുക. കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ ഗോള്‍ഡ് പ്ലേ ബട്ടണ്‍ ഏറ്റുവാങ്ങി.
പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കുടക്, മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ സംബന്ധിച്ചു.

സ്കൂള്‍ പ്രവര്‍ത്തി സമയം നേരത്തെയാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണം – സമസ്ത

ചേളാരി: 2021 നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ ”സ്കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണെന്ന നിര്‍ദ്ദേശം” കുട്ടികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ രാവിലെ 9 മണിക്കാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൃത്യമായ പെരുമാറ്റ ചട്ടം അനുസരിച്ചും 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന് കീഴില്‍ 10,316 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്. സ്കൂള്‍ പഠനം നേരത്തെയാക്കിയാല്‍ കുട്ടികളുടെ മദ്റസ പഠനത്തെയും സ്കൂള്‍ പഠനത്തെയും സാരമായി ബാധിക്കും.
സ്കൂള്‍ പഠനം രാവിലെ 9 മണി മുതല്‍ 10 മണി വരെ സമയത്തിനിടക്ക് ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കി നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്കും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുക -മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍

ചേളാരി: 2021 നവംബര്‍ ഒന്ന് മുതല്‍ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതിനാല്‍ മദ്റസകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം ജില്ലാ-മദ്റസാ-മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ ഒക്ടോബര്‍ 10നകവും റെയ്ഞ്ച് തല യോഗങ്ങള്‍ ഒക്ടോബര്‍ 25നകവും പൂര്‍ത്തിയാക്കും.
‘ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ നേതൃത്വത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന സമസ്ത ബോധന യത്നം വിജയിപ്പിക്കാന്‍ തീരുമാനിച്ചു. സമസ്ത ഏകോപന സമിതിയുടെ നിര്‍ദ്ദേശപ്രകാരം ഡിസംബര്‍ 31നകം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സൗഹൃദ കൂട്ടായ്മകള്‍ സംഘടിപ്പിക്കും.
‘മുഹമ്മദ് നബി(സ): സത്യം, സ്നേഹം, സദ്വിചാരം’ എന്ന പ്രമേയത്തില്‍ നടത്തുന്ന റബീഉല്‍ അവ്വല്‍ ക്യാമ്പയിന്‍ വിജയിപ്പിക്കാനും കോവിഡ് പ്രോട്ടക്കോള്‍ പാലിച്ച് നബിദിനാഘോഷ പരിപാടികള്‍ നടത്താനും യോഗം നിര്‍ദ്ദേശിച്ചു. പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ പദ്ധതികള്‍ വിശദീകരിച്ചു. സയ്യിദ് കെ.പി.പി തങ്ങള്‍ കണ്ണൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ.പി കോയ, കെ.എം കുട്ടി എടക്കുളം, സാദാലിയാഖത്തലി ഹാജി, എ.കെ.കെ മരക്കാര്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, ഇബ്നു ആദം കണ്ണൂര്‍, അഡ്വ: നാസര്‍ കാളംപാറ, ഷഹീര്‍ ദേശമംഗലം, അബ്ദുറശീദ് കൊല്ലം, ശരീഫ് ദാരിമി കോട്ടയം, റഫീഖ് ഹാജി മംഗലാപുരം, കെ.എഛ്. കോട്ടപ്പുഴ, വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, എ.കെ ആലിപ്പറമ്പ് ചര്‍ച്ചയില്‍ പങ്കെടുത്തു.
ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം സ്വാഗതവും, വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ നന്ദിയും പറഞ്ഞു.

”സമസ്ത: ബോധന യത്നം” ജില്ലാതല യോഗങ്ങള്‍ ഒക്ടോബര്‍ 9 മുതല്‍ തുടങ്ങും

ചേളാരി : ”ജിഹാദ്:വിമര്‍ശനവും യാഥാത്ഥ്യവും” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘സമസ്ത ബോധനയത്ന’ പരിപാടികളുടെ ഭാഗമായി ജില്ലാ തല ഏകോപന സമിതി യോഗങ്ങള്‍ക്ക് ഒക്ടോബര്‍ 9ന് തുടക്കമാവും.
ഒക്ടോബര്‍ 09ന് പാലക്കാട്, കോട്ടയം,  ഒക്ടോബര്‍ 10ന് ഇടുക്കി, ഒക്ടോബര്‍ 11ന് ത്യശൂര്‍,കോഴിക്കോട്, ഒക്ടോബര്‍ 12ന് കണ്ണൂര്‍, കാസര്‍ഗോഡ്,  ഒക്ടോബര്‍ 13ന് മലപ്പുറം,തിരുവനന്തപുരം, ഒക്ടോബര്‍ 15ന് പത്തനംതിട്ട, വയനാട്,  ഒക്ടോബര്‍ 16ന് കൊല്ലം,  ഒക്ടോബര്‍ 20ന് ആലപ്പുഴ എന്നിവിടങ്ങളില്‍ നടക്കും.
സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങളാണ് യോഗങ്ങളില്‍ സംബന്ധിക്കുക. ബോധനയത്നത്തിന്റെ ഭാഗമായി ജില്ലകളില്‍ നടക്കേണ്ട പരിപാടികള്‍ക്ക് യോഗത്തില്‍ വെച്ച് സംഘാടക സമിതി രൂപം നല്‍കും.
ജില്ലാതല യോഗങ്ങള്‍ വിജയിപ്പിക്കാന്‍ സമസ്ത ഏകോപന സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ കണ്‍വീനര്‍ എം.ടി അബ്ദുല്ല മുസ്ലിയാരും അഭ്യര്‍ത്ഥിച്ചു.

കാരത്തൂർ മർക്കസ് സമസ്തക്ക് കൈമാറി

കാരത്തൂർ : കാരത്തൂർ മർക്കസുത്തർബിയ്യത്തി സ്സുന്നിയ്യ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും മര്‍ക്കസിന്റെ സ്ഥാപകനും തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിന്റെ മുഖ്യരക്ഷാധികാരിയുമായ ശൈഖ് മുഹമ്മദ്‌ മുഹ്‌യുദ്ധീൻ ഷാ സമസ്തക്ക് കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. 1988ൽ സ്ഥാപിച്ച കാരത്തൂര്‍ മർക്കസിനു കീഴിൽ ഇപ്പോള്‍ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂളുകളും, ജുമുഅത്ത് പള്ളി, അറബിക് കോളേജ്, ഖുതുബ്ഖാന, ബോര്‍ഡിംഗ് മദ്റസ, ഹിഫ്ള് കോളേജ്, ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
തിരൂർ – തിരുന്നാവായ റൂട്ടിൽ കാരത്തൂർ ടൗണിൽ നിന്നും 700 മീറ്റർ ദൂരെയുള്ള  ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഐ.ടി.ഐയും മറ്റു സ്ഥാപനങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളും മര്‍ക്കസ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത കൈമാറ്റ ചടങ്ങ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മര്‍ക്കസുത്തര്‍ബിയ്യത്തുസ്സുന്നിയ്യ പ്രതിനിധികളായ കെ.വി സക്കീര്‍, അഡ്വ. സലീല്‍, വി.പി അബുഹാജി, വി ഉമ്മര്‍ കോയ ഹാജി, ടി അബൂബക്കര്‍ ഹാജി, അഡ്വ. നവാസ്, കെ ആലി ഹാജി, എ.പി കുഞ്ഞിമോന്‍ ഹാജി, നാസര്‍ ഹാജി, ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഫൈസി കൊല്ലം സ്വാഗതവും വിദ്യാഭ്യാസ ബോർഡ്‌ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.

മസ്ക്കറ്റ് റെ‍യ്ഞ്ച്- തഹ്സീനുല്‍ ഖിറാഅ: കോഴ്സ് സമാപിച്ചു

മസ്ക്കറ്റ്: മസ്ക്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് സമാപിച്ചു. ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ പദ്ധതിയുടെ രണ്ടാംഘട്ട ക്ലാസുകളുടെ തുടക്കം കൂടിയായിരുന്നു മസ്ക്കറ്റ് റെയ്ഞ്ചിലെ മുഅല്ലിംകള്‍ക്ക് നടത്തിയ പരിശീലനം. ആഗസ്റ്റ് 13 മുതല്‍ ആരംഭിച്ച ക്ലാസുകള്‍ക്ക് ഇന്നലെയാണ് പരിസമാപ്തി കുറിച്ചത്. പ്രത്യേക സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് ക്ലാസുകളും പരീക്ഷകളും നടന്നത്. ഇന്ത്യക്ക് പുറത്ത് ആദ്യമായാണ് തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് നടക്കുന്നത്. 55 മുഅല്ലിംകള്‍ പരിശീനലത്തില്‍ പങ്കെടുത്തു.
സമാപന പരിപാടികള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട് ഉദ്ഘാടനം ചെയ്തു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, വി. ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, ശുക്കൂര്‍ ഹാജി ബോഷര്‍, യൂസുഫ് മുസ്ലിയാര്‍ സീബ്, ഇമ്പിച്ചാലി മുസ്ലിയാര്‍ അമ്പലക്കണ്ടി, മുഹമ്മദലി ഫൈസി, അബ്ദുല്ലത്തീഫ് ഫൈസി, ഇബ്രാഹീം ദാരിമി, അബൂബക്കര്‍ സിദ്ധീഖ് ദാരിമി, സക്കീര്‍ ഹുസൈന്‍ ഫൈസി, സുബൈര്‍ ഫൈസി, മുജീബുറഹ്മാന്‍ മൗലവി, ആബിദ് മുസ്ലിയാര്‍, മുഹമ്മദ് അസ്അദി പ്രസംഗിച്ചു. ക്ലാസിന് നേതൃത്വം നല്‍കിയ മുജവ്വിദ് ഇസ്മാഈല്‍ ഹുദവി ഏഴൂര്‍ സമാപന സന്ദേശവും പ്രാര്‍ത്ഥനയും നിര്‍വ്വഹിച്ചു. റെയ്ഞ്ച് സെക്രട്ടറി ശിഹാബുദ്ധീന്‍ ഫൈസി സ്വാഗതവും ജോ. സെക്രട്ടറി സുനീര്‍ ഫൈസി നന്ദിയും പറഞ്ഞു.

ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം സമസ്ത മദ്റസകളുടെ എണ്ണം 10,316 ആയി

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,316 ആയി.
കെ.എസ് അബ്ദുല്ല സെന്‍ട്രല്‍ സ്കൂള്‍ മദ്റസ മൊഗ്രാല്‍, അല്‍അമീന്‍ മദ്റസ കുച്ചിക്കാട് – മഞ്ചേശ്വര്‍ (കാസര്‍ഗോഡ്), ഹയാത്തുല്‍ ഇസ്ലാം മദ്റസ  കുറുപൊയില്‍ – കാളിക്കാവ്, ബദ്റുല്‍ ഹുദാ മദ്റസ കൊടക്കാട് കുന്ന് – ആലംകോട് (മലപ്പുറം), ഹയാത്തുല്‍ ഇസ്ലാം മദ്റസ പല്ലൂര്‍ – ദേശമംഗലം (തൃശൂര്‍), ഗൗസിയ മദ്റസ രാംഗട്ട് (അന്തമാന്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.