സമസ്ത സ്ഥാപകദിനം: പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികള്‍ക്ക് പ്രൗഢമായ തുടക്കം. 1926 ജൂണ്‍ 26 ന് രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ആദര്‍ശ വിശുദ്ധിയോടെ നൂറാം വാര്‍ഷികത്തിനുള്ള തയ്യാറെടുപ്പിലാണ്. കേരളത്തിലെ ഏറ്റവും വലിയ മതധാര്‍മ്മിക പ്രസ്ഥാനമായി വളര്‍ന്നു പന്തലിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 96-ാം പിറന്നാള്‍ കൂടിയാണ് ഇന്ന്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടനകളുടെ സഹകരണത്തോടെ സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്ഥാപകദിനാചരണ പരിപാടികള്‍ നടക്കുന്നത്.
സമസ്തയുടെസ്ഥാപക പ്രസിഡണ്ട് വരക്കല്‍ മുല്ലക്കോയ തങ്ങളും ദീര്‍ഘകാലം മുഖ്യകാര്യദര്‍ശിയായി സമസ്തയെ നയിച്ച ശംസുല്‍ഉലമാ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന കോഴിക്കോട് പുതിയങ്ങാടി വരക്കല്‍ മുഖാം സിയാറത്തോടെയാണ് സ്ഥാപകദിന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്നു മഖാം പരിസരത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, വൈസ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ എന്നിവര്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ത്രിവര്‍ണപതാക ഉയര്‍ത്തി.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.സി മായിന്‍ ഹാജി, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, ജനറല്‍ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ടി.പി.സി തങ്ങള്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ തങ്ങള്‍, സംസ്ഥാന സെക്രട്ടറി ഒ.പി.എം അശ്‌റഫ്, ടി.പി സുബൈര്‍, പി. മാമുക്കോയ ഹാജി, എന്‍ അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ബാരി മുസ്‌ലിയാര്‍ അണ്ടോണതുടങ്ങിയവര്‍ സംബന്ധിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍, ഖബര്‍ സിയാറത്ത്, ഓണ്‍ലൈന്‍ പ്രഭാഷണം, പ്രാര്‍ത്ഥന എന്നിവയാണ് പ്രധാനമായും സംഘടിപ്പിച്ചിട്ടുള്ളത്. എല്ലാ പരിപാടികളും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് നടക്കുന്നത്.

സമസ്ത സ്ഥാപക ദിനം നാളെ

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപക ദിനം നാളെ (ജൂണ്‍ 26) വിവിധ പരിപാടികളോടെ ആചരിക്കുന്നു. പോഷക സംഘടനകളുടെ സഹകരണത്തോടെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സമസ്ത ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്ഥാപക ദിനാഘോഷം നടക്കുന്നത്. പതാക ഉയര്‍ത്തല്‍, മഹത്തുക്കളുടെ ഖബര്‍ സിയാറത്ത്, ഓണ്‍ലൈന്‍ പ്രഭാഷണവും പ്രാര്‍ത്ഥനയും എന്നീ പരിപാടികളാണ് പ്രധാനമായും നടക്കുന്നത്. സ്ഥാപകദിനത്തിന്റെ ഭാഗമായി ഇന്ന്  വൈകു: 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളുടെയും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെയും നേതൃത്വത്തില്‍ വരക്കല്‍ മഖാം സിയാറത്തും പതാക ഉയര്‍ത്തലും നടക്കും.

അസ്മി ക്ലിക്കും സൈബര്‍ സ്‌കൂളും ലോഞ്ച് ചെയ്തു

ചേളാരി. അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) യില്‍ അഫിലിയേറ്റ് ചെയ്ത സ്‌കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസും മറ്റ് അക്കാഡമിക് പ്രവര്‍ത്തനങ്ങളും  കൂടുതല്‍ മികവുറ്റതും ഫലപ്രദവുമാക്കുന്നതിന് വേണ്ടി    പ്രത്യേകം രൂപകല്‍പ്പന ചെയത  അസ്മി ക്ലിക്ക് എന്ന എജുക്കേഷനല്‍ ആപ്പിന്റെ ലോഞ്ചിംഗ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും   ഹൃദ്യവും രസകരവുമായി ഇ  ലേണിംഗ് സംവിധാനം ഒരുക്കുന്ന സൈബര്‍ സ്‌കൂളിന്റെ ലോഞ്ചിംഗ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും നിര്‍വഹിച്ചു. വെളിമുക്ക് ക്രസന്റ്‌ബോര്‍ഡിംഗ് മദ്‌റസ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി കെ പി അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അസ്മി മോണിറ്ററിംഗ് സമിതി അംഗങ്ങളായ  ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഉമര്‍ ഫൈസി മുക്കം, ഡോ. എന്‍ എ എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍ പ്രസംഗിച്ചു. പി കെ മുഹമ്മദ് ഹാജി സ്വാഗതവും റഹീം ചുഴലി നന്ദിയും പറഞ്ഞു

വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണം -സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

ചേളാരി: വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ: നിസ്‌കാരത്തിന് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ 15 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ ഒരേ സമയം  പ്രാര്‍ത്ഥനക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് മൂലം വെള്ളിയാഴ്ച ജുമുഅ: നിസ്‌കാരത്തിന് സാധിക്കാതെവരുമെന്നതിനാല്‍ ജുമുഅ: നിസ്‌കാരത്തിന് പ്രത്യേകം ഇളവ് അനുവദിക്കണം. പള്ളികളുടെ വിസ്തീര്‍ണത്തിനനുസരിച്ചായിരിക്കണം ആളുകളുടെ എണ്ണം നിജപ്പെടുത്തേണ്ടത്. കൂടുതല്‍ ആളുകള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥനക്ക് അവസരമുണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതുതായി ഏഴ് മദ്‌റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10298 ആയി.
ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസ കന്നാട്ടിക്കാന (കാസര്‍ഗോഡ് ജില്ല), ഇമാറത്തുല്‍ ഇസ്‌ലാം മദ്‌റസ ചാവശ്ശേരി പറമ്പില്‍ (കണ്ണൂര്‍), നൂറുല്‍ ഇസ്‌ലാം മദ്‌റസ കഴുകന്‍ചിന, വാദി നൂര്‍ നാലകണ്ടം,  ഹിലാല്‍ പബ്ലിക് സ്‌കൂള്‍ പുറങ്ങ്, നജാത്തുല്‍ ഇസ്‌ലാം മദ്‌റസ ചൊവ്വാണ (മലപ്പുറം ജില്ല), ഹാദിയ മദ്‌റസ അല്‍ഐന്‍ അബൂദാബി, (യു.എ.ഇ) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.

നിലനില്‍പ്പ് ഭീഷണിയില്‍ സ്വകാര്യ സ്‌കൂളുകള്‍; സര്‍ക്കാര്‍ നയം തിരുത്തണം : അസ്മി

മലപ്പുറം : സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളുകളുടെ നിലനില്‍പിനുപോലും ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ നയ സമീപനങ്ങളുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ക്കെതിരെ എതിര്‍പ്പ് ശക്തമാകുന്നു. അക്കാദമിക്ക് രംഗത്ത് മികവിന്റെ മാതൃകകള്‍ രചിച്ചു മുന്നേറുന്നതും കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് വര്‍ഷങ്ങളായി ഈടുറ്റ സംഭാവനകള്‍ നല്‍കുന്നതുമായ വിദ്യാലയങ്ങളാണ് പ്രൈവറ്റ് സ്‌കൂളുകള്‍.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം പ്രാബല്യത്തിലുള്ള ഇക്കാലത്ത് നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം സര്‍ക്കാരിന്റെ ചുമതലയാണെന്നിരിക്കെ, സര്‍ക്കാരിന്റെ യാതൊരു സാമ്പത്തികസഹായവും ഇല്ലാതെ സേവനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചുവരുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. സര്‍ക്കാരിന്റെ ദൈനംദിനമുള്ള ഉത്തരവുകളും നയ സമീപനങ്ങളുമാണ് ഇത്തരം സ്‌കൂളുകളുടെ നടത്തിപ്പ് പ്രതിസന്ധിയിലാക്കുന്നത്.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനവും പരസഹസ്രം ജീവനക്കാരുടെ ജീവിതമാര്‍ഗവുമായ ഈ മേഖലയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെച്ച്, ഞെക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നയങ്ങള്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഉപവിഭാഗമായ അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റീസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അടങക) വിലയിരുത്തി. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികള്‍ക്ക് നിശ്ചിത ദൂരപരിധിയില്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാര്‍ ചുമതലയാണെന്നിരിക്കെ, അതനുസരിച്ച് പ്രൈവറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഫീസ് പോലും നല്‍കി സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനാണ്.
എന്നാല്‍ ഇത്തരം അണ്‍ എയ്ഡ് വിദ്യാലയങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാവുന്നുവെന്നത് തീര്‍ത്തും അന്യായവും വിചിത്രവുമാണ്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കുന്ന ഇപ്പോള്‍ കുട്ടികള്‍ക്ക് ഒരു സ്‌കൂളില്‍ നിന്നും മറ്റൊരു സ്‌കൂളിലേക്ക്  മാറി പോകുന്നതിന്  ഗഋഞ നിയമങ്ങള്‍ പോലും കാറ്റില്‍പറത്തി ടി സി പോലും ആവശ്യമില്ലെന്ന തരത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളടക്കം അംഗീകൃത സ്‌കൂളുകളെ ദോഷകരമായി ബാധിക്കുന്നു. സര്‍ക്കാരിന്റെ എല്ലാ നോംസും പാലിച്ച്, വര്‍ഷങ്ങളായി നല്ല നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന അംഗീകാരം ലഭിക്കാത്ത വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നതിനായി കഴിഞ്ഞവര്‍ഷം അപേക്ഷ ക്ഷണിച്ചെങ്കിലും രേഖകള്‍ സമര്‍പ്പിക്കാന്‍ മതിയായ സമയം അനുവദിക്കാഞ്ഞതിനാല്‍ അംഗീകാരം ലഭിക്കാതെ പോയ അര്‍ഹതയുള്ള സ്‌കൂളുകള്‍ക്ക് ഉടന്‍ അംഗീകാരം നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് അസ്മി ആവശ്യപ്പെട്ടു. അസ്മി പ്രസിഡന്റ് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവി, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, മേല്‍മുറി, അസ്മി ജനറല്‍സെക്രട്ടറി  പി കെ മുഹമ്മദ് ഹാജി, അഡ്വ. നാസര്‍ കാളമ്പാറ, അഡ്വ. ആരിഫ് പി പി, സലീം എടക്കര, ഒ കെ എം കുട്ടി ഉമരി പ്രസംഗിച്ചു. റഹീം ചുഴലി, റഷീദ് കമ്പളക്കാട്, സയ്യിദ് അനീസ് ജിഫ്രി തങ്ങള്‍, മജീദ് പറവണ്ണ, ഷാഫി മാസ്റ്റര്‍ ആട്ടീരി എന്നിവര്‍ യഥാക്രമം
അസ്മി സൈബര്‍ സ്‌കൂള്‍, അസ്മി ട്രെയിനിങ്, എക്‌സാം, ഫെസ്റ്റ്, പ്രിസം, ലിറ്റില്‍ സ്‌കോളര്‍ എന്നീ സബ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഓണ്‍ലൈന്‍ പഠനത്തിന് മാതൃകയാവുന്നു

കോഴിക്കോട്: സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ഓണ്‍ലൈന്‍ പഠനത്തിന് മാതൃകയാവുന്നു. കോവിഡ്-19 പശ്ചാത്തലത്തില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പൂര്‍ണമായും ഓണ്‍ലൈന്‍ മദ്‌റസ പഠനം നടത്തിയ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പഠനം അക്കാദമിക സമൂഹത്തിന്റെ പ്രശംസ നേടിയിരുന്നു. ഈ വര്‍ഷവും മദ്‌റസ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജൂണ്‍ 2 മുതല്‍ ആരംഭിച്ച ഓണ്‍ലൈന്‍ മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ആവിഷ്‌കരിച്ച പരിപാടികളാണ് മാതൃകയാവുന്നത്. കുട്ടികള്‍ തുടക്കത്തില്‍ കാണിക്കുന്ന താല്‍പര്യം ക്രമേണ കുറഞ്ഞുവരുന്നതായാണ് മിക്ക ഓണ്‍ലൈന്‍ പഠനത്തിന്റെയും അനുഭവം. എന്നാല്‍ അവതരണമികവ്, സാങ്കേതിക വിദ്യയുടെ മേന്മ, മോണിറ്ററിംഗ്, അധ്യാപകരുടെ ഇടപെടല്‍, മുഫത്തിശുമാരുടെ പരിശോധന, മദ്‌റസ കമ്മിറ്റി ഭാരവാഹികളുടെ ശക്തമായ പിന്തുണ എന്നിവകൊണ്ടെല്ലാം സമസ്ത ഓണ്‍ലൈന്‍ മദ്‌റസ ക്ലാസിനെ ശ്രദ്ധേയമാക്കുന്നുണ്ട്.
മുഅല്ലിംകള്‍ അതാത് ക്ലാസിലെ കുട്ടികള്‍ക്ക് വാട്ട്‌സ്ആപ്പ്, ഗൂഗ്ള്‍ മീറ്റ്, സൂം തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിത്യവും ഓണ്‍ലൈന്‍ ക്ലാസിന് അനുബന്ധമായ പഠന പ്രവര്‍ത്തനങ്ങളും പരിശോധനയും നടക്കുന്നതിലൂടെ കുട്ടികളുടെ പഠനം കൂടുതല്‍ കാര്യക്ഷമമാകുന്നുണ്ട്. ചേളാരി സമസ്താലയത്തില്‍ ഇതിനായി പ്രത്യേകം രണ്ട് സ്റ്റുഡിയോകള്‍ സ്ഥാപിച്ചിട്ടുണ്ട്. 30 പേരടങ്ങുന്ന വിദഗ്ദരായ അധ്യാപകരും 12 അംഗ പരിശോധകരും ടെക്‌നിക്കല്‍ സ്റ്റഫും ഉള്‍കൊള്ളുന്ന ഒരു ടീമാണ് ഓണ്‍ലൈന്‍ ക്ലാസിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളില്‍ 60 ഓളം വിഷയങ്ങള്‍ക്കുപുറമെ ഖുര്‍ആന്‍, ഹിഫഌ ക്ലാസുകളും അറബി തമിഴ്, ഉറുദു, ഹനഫി ഫിഖ്ഹ് എന്നീ വിഷയങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. ദിവസവും രാവിലെ 6 മണി മുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന്റെ ലിങ്ക് ലഭിക്കും. സമസ്ത ഓണ്‍ലൈന്‍ ചാനല്‍ വഴി യൂട്യൂബ്, മൊബൈല്‍ ആപ്പ്, ദര്‍ശന ടി.വി. എന്നിവയില്‍ കൂടിയാണ് ക്ലാസുകള്‍ ലഭ്യമാകുന്നത്. ലക്ഷക്കണക്കിന് രൂപയാണ് സമസ്ത കേരള ഇസ്്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓണ്‍ലൈന്‍ മദ്‌റസ പഠനത്തിന് വേണ്ടി വിനിയോഗിക്കുന്നത്. ഓണ്‍ലൈന്‍ മദ്‌റസ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പൊതുസമൂഹത്തിനും പഠിക്കാന്‍ ഉപകരിക്കുന്നുണ്ട്.

ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുതി നല്‍കാത്തത് ദൗര്‍ഭാഗ്യകരം: സമസ്ത

കോഴിക്കോട് : കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗ‍ണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.  സമസ്ത കേരളാ ജംഇയ്യതുല്‍ ഉലമയും വിവിധ മുസ്‌ലിം സംഘടനാ നേതാക്കളും കൂട്ടമായി ആവശ്യം ഉന്നയിച്ചിട്ടും അവഗണിച്ചത് തികച്ചും ഖേദകരമാണ്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 96.08%, 506 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഏപ്രില്‍ 2,3 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, ഏപ്രില്‍ 3, 4 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,62,577 വിദ്യാര്‍ത്ഥികളില്‍ 2,54,205 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,44,228 പേര്‍ വിജയിച്ചു (96.08 ശതമാനം). ആകെ വിജയിച്ചവരില്‍ 506 പേര്‍ ടോപ് പ്ലസും, 18,212 പേര്‍ ഡിസ്റ്റിംഗ്ഷനും, 42,543 പേര്‍ ഫസ്റ്റ് ക്ലാസും, 28,145 പേര്‍ സെക്കന്റ് ക്ലാസും, 1,54,822 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
കേരളം, കര്‍ണാടക, പോണ്ടിച്ചേരി, തമിഴ്‌നാട്, അന്തമാന്‍, ലക്ഷ ദ്വീപ്, യു.എ.ഇ, ഖത്തര്‍, സഊദി അറേബ്യ, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലായി 7,224 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,287 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,14,049 കുട്ടികളില്‍ 1,10,327 പേര്‍ വിജയിച്ചു. 96.74 ശതമാനം. 300 ടോപ് പ്ലസും, 12,409 ഡിസ്റ്റിംഗ്ഷനും, 28,899 ഫസ്റ്റ് ക്ലാസും, 17,856 സെക്കന്റ് ക്ലാസും, 50,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 96,877 കുട്ടികളില്‍ 92,208 പേര്‍ വിജയിച്ചു. 95.18 ശതമാനം. 75 ടോപ് പ്ലസും, 3503 ഡിസ്റ്റിംഗ്ഷനും, 7,449 ഫസ്റ്റ് ക്ലാസും, 6,350 സെക്കന്റ് ക്ലാസും, 74,831 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 37,064 കുട്ടികളില്‍ 35,639 പേര്‍ വിജയിച്ചു. 96.16 ശതമാനം. 88 ടോപ് പ്ലസും, 1,559 ഡിസ്റ്റിംഗ്ഷനും, 4,894 ഫസ്റ്റ് ക്ലാസും, 3,240 സെക്കന്റ് ക്ലാസും, 25,858 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,215 കുട്ടികളില്‍ 6,054 പേര്‍ വിജയിച്ചു. 97.41 ശതമാനം. 43 ടോപ് പ്ലസും, 741 ഡിസ്റ്റിംഗ്ഷനും, 1,301 ഫസ്റ്റ് ക്ലാസും, 699 സെക്കന്റ് ക്ലാസും, 3,270 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ചാം ക്ലാസില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടുങ്ങാത്തകുണ്ട് – താനൂര്‍ കെ.കെ. ഹസ്രത്ത് മെമ്മോറിയല്‍ സെക്കണ്ടറി മദ്‌റസയാണ്. 298 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 260 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്‌റസയാണ്. 214 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 188 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ – ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 130 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ എല്ലാവരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ മലപ്പുറം ഈസ്റ്റ് ജില്ലയിലെ പേങ്ങാട് ഇര്‍ശാദു സ്വിബ്യാന്‍ മദ്റസയിലും, മലപ്പറും വെസ്റ്റ് ജില്ലയിലെ വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 27 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ് 472 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്. 7753 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 864 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2021 മെയ് 30ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ”സേ’’പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് മെയ് 3 മുതല്‍ 19 വരെ സേപരീക്ഷക്ക് 170 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫലം www.samastha.info എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
ഏപ്രില്‍ 2,3,4 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ കോവിഡ് 19 പശ്ചാതലത്തില്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെയ് 29, 30 തിയ്യതികളില്‍ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് സ്പെഷ്യല്‍ പരീക്ഷ നടത്തുന്നതാണ്. അത്തരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മദ്റസയിലെ ബന്ധപ്പെട്ടവര്‍ രേഖാമൂലം മേല്‍ തിയ്യതിക്കകം അപേക്ഷിക്കേണ്ടതാണ്.

കോവിഡ് -19 നിയന്ത്രണം : ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കണം സമസ്ത മുഖ്യമന്ത്രിക്ക് കത്തയച്ചു

കോഴിക്കോട് :കോവിഡ് -19 നിയന്ത്രണം ആരാധനാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാരും മുഖ്യ മന്ത്രി പിണറായി വിജയന് കത്തയച്ചു.
കോവിഡ് -19 നിയന്ത്രണങ്ങളിൽ പലകാര്യങ്ങൾക്കും ഘട്ടം ഘട്ടമായി ഇളവുകൾ ഇളവുകൾ അനുവദിച്ചു വരുന്നുണ്ട്. നേരത്തെ ഇളവ് അനുവദിച്ചപ്പോൾ സ്വീകരിച്ച മാതൃക പിന്തുടർന്ന് കോവിഡ് പ്രോട്ടൊക്കോൾ പൂർണ്ണമായും പാലിച്ച് പള്ളികളിൽ ആരാധന നടത്താൻ അനുമതി ഉണ്ടാവണമെന്ന് ഇരുവരും ചേർന്ന് മുഖ്യ മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.