മദ്റസ ശാക്തീകരണ ക്യാമ്പയിന്‍ ഉദ്ഘാടനം മെയ് 17ന്

skimvb logo

ചേളാരി : 2022 മെയ് 17 മുതല്‍ ജൂണ്‍ 15വരെ മദ്റസ ശാക്തീകരണ ക്യാമ്പയിന്‍ നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു.  സംസ്ഥാനതല ഉദ്ഘാടനം മെയ് 17ന് പൂക്കിപറമ്പ് സി.എച്ച് ഹൈദ്രൂസ് മുസ്ലിയാര്‍ സ്മാരക കോംപ്ലക്സില്‍ നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജൂണ്‍ 15നകം ജില്ലാ-റെയ്ഞ്ച് തല മാനേജ്മെന്റ് സംഗമങ്ങള്‍ നടക്കും. ഗുണമേന്മയുള്ള പഠനം ഉറപ്പാക്കുക, ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുക, മദ്റസകളില്‍ പ്ലസ്ടു വരെ പഠനം ഉറപ്പുവരുത്തുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പഠന കിറ്റുകള്‍ നല്‍കുക. പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുക തുടങ്ങിയ പരിപാടികളാണ് ക്യാമ്പയിന്‍ കാലയളവില്‍ പ്രധാനമായും നടപ്പിലാക്കുക.
പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ.എം അബ്ദുല്ല മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് കെ.പി.പി തങ്ങള്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, കെ മോയിന്‍കുട്ടി മാസ്റ്റര്‍, കെ.പി കോയ, സയ്യിദ് എം.എസ് തങ്ങള്‍ കാസര്‍ഗോഡ്, പി.കെ ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, കെ.എം. കുട്ടി എടക്കുളം, കെ ശറഫുദ്ധീന്‍, സാദാലിയാഖത്തലി ഹാജി, എന്‍.ടി.സി അബ്ദുല്‍ മജീദ്, മുഹമ്മദ് ഇബ്നു ആദം, എ.കെ.െക മരക്കാര്‍, കെ.എ ശരീഫ് ഹാജി, എ.കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി, പി.സി ഉമര്‍ മൗലവി, വി ഉസ്മാന്‍ ഫൈസി ഇന്ത്യനൂര്‍, മൊയ്തീന്‍ നബ്ബ ഹാജി മംഗലാപുരം, മുഹമ്മദ് റഫീഖ് ഹാജി ദക്ഷിണ കന്നഡ, എഞ്ചിനീയര്‍ മാമുക്കോയ ഹാജി, ശഹീര്‍ ദേശ മംഗലം ചര്‍ച്ചയില്‍ പങ്കെടുത്തു.

ന്യൂനപക്ഷങ്ങളുടെ വിജയത്തിന് വിദ്യാഭ്യാസ മുന്നേറ്റം അനിവാര്യം മന്ത്രി അഹമ്മദ് ദേവർ കോവിൽ

കോഴിക്കോട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ കൃത്യവും വ്യക്തവുമായ ലക്ഷ്യം മുന്നിൽ കണ്ട്  പ്രവർത്തിക്കണമെന്നും  കഴിവും പരിചയവുമുള്ളവരുടെ മാർഗനിർദേശങ്ങൾ സ്വീകരിക്കണമെന്നും കേരള തുറമുഖ കാര്യ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രസ്താവിച്ചു.  വിദ്യാഭ്യാസ മുള്ളർ തന്നെ തെറ്റായ വഴിയിൽ സഞ്ചരിക്കുന്ന ദു:ഖകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ഇതിന് മാറ്റം വരുത്താനുള്ള പദ്ധതികളും പരിശീലനങ്ങളും നടപ്പിലാക്കുന്ന അസ്മിയുടെ  പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി) യിൽ അഫിലിയേറ്റ് ചെയ്ത സ്ഥാപനങ്ങളിലെ മാനേജ്മെന്റ്, പ്രിൻസിപ്പൽ, കോ – ഓർഡിനേറ്റർ എന്നിവർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം “ചിസൽ 22” കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ സംസ്ഥാനതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ “ചിസൽ 22”  സന്ദേശം നൽകി. അൽ ബിർറ് എഡി കെ പി മുഹമ്മദ്, ഒ കെ എം കുട്ടി ഉമരി പ്രസംഗിച്ചു. എസ് വി മുഹമ്മദലി  (നേതൃത്വം; പ്രായോഗിക ചിന്ത) അഡ്വ. നാസർ കാളമ്പാറ (അസ്മി ഓൺദ ട്രാക്ക്), അസ്മി എ ഡി പി പി മുഹമ്മദ്  (ദേശീയ വിദ്യാഭ്യാസ നയം) എന്നീ വിഷയത്തിൽ ക്ലാസെടുത്തു.  ഇന്ററാക്ഷൻ സെഷന്  ശാഹുൽ ഹമീദ് മേൽമുറി നേതൃത്വം നൽകി. മജീദ് പറവണ്ണ സ്വാഗതവും നവാസ് ഓമശ്ശേരി  നന്ദിയും പറഞ്ഞു. 160 പ്രതിനിധികൾ പങ്കെടുത്തു.

റമദാന്‍ അവധി കഴിഞ്ഞു; നാളെ മദ്റസകള്‍ തുറക്കും. 12 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠനത്തിനെത്തും

ചേളാരി : റമദാന്‍ അവധി കഴിഞ്ഞു നാളെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 മദ്റസകളിലെ പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ നാളെ മദ്റസ പഠനത്തിനെത്തും. മദ്റസയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുവരുന്നത്. ‘വിദ്യനുകരാം, വിജയം നേടാം’ െന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവം.
കേരളത്തിനു പുറമെ, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഝാര്‍ഖണ്ട്, ആസാം, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും, ആന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലും
മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, ഖത്തര്‍ എന്നീ വിദേശ രാജ്യങ്ങളിലും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
അറബി, അറബി മലയാളം, അറബിക് തമിഴ്, ഉറുദു, ബംഗാളി, ആസാമീസ് എന്നീ ഭാഷകളിലെ പാഠപുസ്തകങ്ങള്‍ക്ക് പുറമെ 2,10,15,30 ജുസ്അ് മുസ്ഹഫും, മദ്റസ നോട്ടുബുക്കുകളും കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ മുഖേനെ വിതരണം ചെയ്തുവരുന്നു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ അല്‍ബിര്‍റ്, അസ്മി സ്കൂള്‍ പാഠപുസ്തകങ്ങളും ഒന്ന്, രണ്ട് മദ്റസ ക്ലാസുകളിലേക്കുള്ള വര്‍ക്ക് ബുക്കുകകളും ബുക്ക് ഡിപ്പോ വഴി ലഭ്യമാവും.
പുതിയ മദ്റസ അധ്യയന വര്‍ഷത്തിന് എല്ലാവിധ ആശംസകളും നേരുന്നതായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും അറിയിച്ചു.

വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുക – സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചേളാരി: വിശുദ്ധ റമദാനില്‍ ആര്‍ജ്ജിച്ചെടുത്ത വിശുദ്ധി ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത ഗ്ലോബല്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥന സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വിജ്ഞാന മേഖലയിലും സംസ്‌കരണ രംഗത്തും ശ്രദ്ധേയമായ സേവനങ്ങളാണ് സമസ്ത ചെയ്തു കൊണ്ടിരിക്കുന്നത്. സാത്വികരായ പണ്ഡിതരും അല്ലാഹുവിന്റെ ഔലിയാക്കളും ആരിഫീങ്ങളും സാദാത്തുക്കളും സ്ഥാപിച്ച മഹത്തായ പ്രസ്ഥാനമാണ് സമസ്ത. സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോള തലത്തില്‍ ശക്തിപ്പെടുത്തുന്നതിന് ഒരു ഗ്ലോബല്‍ വേദി രൂപപ്പെടുത്തിവരുന്നുണ്ടെന്നും എല്ലാവരും അതില്‍ അണിനിരക്കണമെന്നും തങ്ങള്‍ ഉല്‍ബോധിപ്പിച്ചു.
വെര്‍ച്ച്വല്‍ പ്ലാറ്റ് ഫോമില്‍ സംഘടിപ്പിച്ച സംഗമത്തില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ സഊദി നാഷണല്‍ കമ്മിറ്റി പ്രസിഡണ്ട് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി അദ്ധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുസ്സലാം ബാഖവി ദുബൈ, സയ്യിദ് മൂസല്‍ ഖാളിം തങ്ങള്‍ മലേഷ്യ, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, പൂക്കോയ തങ്ങള്‍ ബാ അലവി, സയ്യിദ് ശുഹൈബ് തങ്ങള്‍, അബ്ദുറഹിമാന്‍ അറക്കല്‍, അബ്ദുല്ലത്തീഫ് ഫൈസി സലാല, യു.കെ ഇസ്മായില്‍ ഹുദവി, ഡോ. ജുവൈദ്, ഓമാനൂര്‍ അബ്ദുറഹിമാന്‍ മൗലവി, അബ്ദുല്‍ഗഫൂര്‍ ദാരിമി മുണ്ടക്കുളം, അബ്ദുല്‍റഷീദ് ബാഖവി എടപ്പാള്‍, യു.കെ ഇബ്‌റാഹീം ദമാം, ഉസ്മാന്‍ എടത്തില്‍ പ്രസംഗിച്ചു.
യു.എ.ഇ സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഹിമന്‍ ഒളവട്ടൂര്‍ സ്വാഗതവും സഊദി എസ്.ഐ.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു. സഊദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഖത്തര്‍, ഒമാന്‍, കുവൈത്ത്, തുര്‍ക്കി, യു.കെ, മലേഷ്യ, യു.എസ്.എ, സിങ്കപ്പൂര്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് പ്രതിനിധികള്‍ പങ്കെടുത്തു.

സമസ്ത പൊതുപരീക്ഷ: ‘സേ’ ക്കും റീവാല്വേഷനും അപേക്ഷ 30 വരെ

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 2022 മാര്‍ച്ച് 12,13 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ പരാജയപ്പെടുകയോ പങ്കെടുക്കാന്‍ കഴിയാതെ വരികയോ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള ‘സേ’ പരീക്ഷക്കും കോവിഡ് പശ്ചാത്തലത്തില്‍ അനിവാര്യമായ കാരണങ്ങളാല്‍ പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌പെഷ്യല്‍ പരീക്ഷക്കും ഉത്തരപേപ്പര്‍ പുനഃപരിശോധനക്കും അപേക്ഷിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ 30 ആണെന്ന് ഓഫീസില്‍ നിന്ന് അറിയിച്ചു. മെയ് 14, 15 തിയ്യതികളില്‍ അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ചാണ് പരീക്ഷ നടക്കുക.

പരിഷ്‌കരിച്ച അസ്മി പാഠപുസ്തകം പ്രകാശനം ചെയ്തു

ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) പ്രീ പ്രൈമറി ക്ലാസ്സുകളിലേക്ക് പരിഷ്‌കരിച്ച് തയ്യാറാക്കിയ കെ ജി പാഠ പുസ്തകം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ യു.എ.ഇ. സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുറഹ്‌മാന്‍ ഒളവട്ടൂരിന് നല്‍കി പ്രകാശനം ചെയ്തു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അസ്മി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുറഹീം ചുഴലി, അസ്മി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പി.പി. മുഹമ്മദ്, എസ്.ഐ.സി. സഊദി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ അലവിക്കുട്ടി ഒളവട്ടൂര്‍, സൈദ് ഹാജി മൂന്നിയൂര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം എന്നിവര്‍ സംബന്ധിച്ചു.

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു വിജയം 97.06%, 2,749 പേര്‍ക്ക് ടോപ് പ്ലസ്

തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് മാര്‍ച്ച് 11,12 തിയ്യതികളില്‍ വിദേശങ്ങളില്‍ ഓണ്‍ലൈനായും, 12,13 തിയ്യതികളില്‍ ഇന്ത്യയില്‍ ഓഫ്ലൈനായും നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത 2,61,375 വിദ്യാര്‍ത്ഥികളില്‍ 2,55,438 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,47,924 പേര്‍ വിജയിച്ചു (97.06 ശതമാനം). ആകെ വിജയിച്ചവരില്‍ 2,749 പേര്‍ ടോപ് പ്ലസും, 29,879 പേര്‍ ഡിസ്റ്റിംഗ്ഷനും, 77,559 പേര്‍ ഫസ്റ്റ് ക്ലാസും, 42,530 പേര്‍ സെക്കന്റ് ക്ലാസും, 95,207 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഇന്ത്യയില്‍ 7,456 സെന്ററുകളിലാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,462 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കിരുന്നത്. പരീക്ഷാ ഫലം www.samastha.infohttp://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാകും.
അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,09,707 കുട്ടികളില്‍ 1,04,923 പേര്‍ വിജയിച്ചു. 95.64 ശതമാനം. 1,085 ടോപ് പ്ലസും, 9,246 ഡിസ്റ്റിംഗ്ഷനും, 24,923 ഫസ്റ്റ് ക്ലാസും, 17,129 സെക്കന്റ് ക്ലാസും, 52,540 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷക്കിരുന്ന 99,758 കുട്ടികളില്‍ 98,050 പേര്‍ വിജയിച്ചു. 98.29 ശതമാനം. 1,013 ടോപ് പ്ലസും, 13,162 ഡിസ്റ്റിംഗ്ഷനും,  36,561 ഫസ്റ്റ് ക്ലാസും, 17,593 സെക്കന്റ് ക്ലാസും, 29,721 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷക്കിരുന്ന 39,422 കുട്ടികളില്‍ 38,552 പേര്‍ വിജയിച്ചു. 97.79 ശതമാനം. 599 ടോപ് പ്ലസും, 6,813 ഡിസ്റ്റിംഗ്ഷനും, 14,152 ഫസ്റ്റ് ക്ലാസും, 6,649 സെക്കന്റ് ക്ലാസും, 10,339 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്കിരുന്ന 6,551 കുട്ടികളില്‍ 6,399 പേര്‍ വിജയിച്ചു. 97.68 ശതമാനം. 52 ടോപ് പ്ലസും, 658 ഡിസ്റ്റിംഗ്ഷനും, 1,923 ഫസ്റ്റ് ക്ലാസും, 1,159 സെക്കന്റ് ക്ലാസും, 2,607 തേര്‍ഡ്ക്ലാസും ലഭിച്ചു.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച്  മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് മദ്‌റസയാണ്.  അഞ്ചാം ക്ലാസില്‍ 260 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 234 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. ഏഴാം ക്ലാസില്‍  215 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 204 പേര്‍ വിജയിച്ചു. പത്താം ക്ലാസില്‍  എടപ്പാള്‍ – ഹിദായ നഗര്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 128 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 125 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍  വി.കെ. പടി ദാറുല്‍ ഇസ്ലാം അറബിക് മദ്രസയിലുമാണ്. 26 കുട്ടികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം വെസ്റ്റ് ജില്ല്ലയിലെ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്റസയിലാണ് 454 പേര്‍ വിജയിച്ചു. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ലയിലാണ്.
10,716 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ പരീക്ഷക്കിരുത്തിയ യു.എ.ഇ.യിലാണ്. 1,038 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുത്തു വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2022 മെയ് 14,15 തിയ്യതികളില്‍ നടക്കുന്ന ”സേ’’പരീക്ഷക്കിരിക്കാവുന്നതാണ്. www.online.samastha.info എന്ന സൈറ്റില്‍ മദ്റസ ലോഗിന്‍ ചെയ്ത് സേപരീക്ഷക്ക് 180 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് 100 രൂപയും ഫീസടച്ചു ഏപ്രില്‍ 20 മുതല്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സമസ്ത ഓൺലൈൻ ഡിപ്ലോമ കോഴ്സ് ലോഞ്ച് ചെയ്തു

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡ് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനലില്‍ പൊതുജനങ്ങൾക്ക് വേണ്ടി വെള്ളിയാഴ്ചകളില്‍ നടത്തുന്ന  ‘തിലാവ’  ഖുർആൻ പാരായണ പരിശീലനം ന്യൂതനമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തി ഓൺലൈൻ ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. സമസ്ത കാര്യാലയത്തില്‍ നടന്ന മുശാവറ യോഗത്തില്‍ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴ്സ് ലോഞ്ച് ചെയ്തു.
44 മൊഡ്യൂളുകളിലായി ആറ് പരീക്ഷകളും ഒരു ഫൈനൽ പരീക്ഷയും ഉൾകൊള്ളിച്ചുകൊണ്ടുള്ളതാണ് ഇതിന്റെ പാഠ്യപദ്ധതി. 18 വയസ്സിന് മുകളിലുള്ള സ്ത്രീ പുരുഷന്മാർക്ക് http://skimvb.com/ എന്ന സൈറ്റ് മുഖേനെയും പ്ലേസ്റ്റോറില്‍ നിന്ന് SAMASTHA Online (https://play.google.com/store/apps/details?id=com.trogon.samasthaonline) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്തും രജിസ്തര്‍ ചെയ്യാവുന്നതും 500രൂപ ഫീസടച്ചു അഡ്മിഷൻ പ്രക്രിയ പൂര്‍ത്തിയാക്കാവുന്നതുമാണ്. അഡ്മിഷൻ എടുത്തവരിൽ നിന്ന് 30 പേര് ഉൾകൊള്ളുന്ന ബാച്ചുകൾക്ക് ഒരു മെന്റർ എന്ന രീതിയിൽ ഏപ്രില്‍ 20 മുതല്‍ ക്ലാസുകൾ ആരംഭിക്കും. നാല് മാസമാണ് ഈ കോഴ്സിന്റെ കാലാവധി. സ്ത്രീകള്‍ക്ക് സ്ത്രീകള്‍ തന്നെ നേതൃത്വം കൊടുക്കുന്ന ലൈവ് ക്ലാസുകള്‍ ഉണ്ടായിരിക്കും. കോഴ്സ് പൂര്‍ത്തീകരിച്ചവര്‍ക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഡിപ്ലോമ കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കും. വിശദ വിവരങ്ങള്‍ക്ക് 7356404904 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ
ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, ടി.എസ് ഇബ്രാഹീം മുസ്ലിയാര്‍, കെ ഹൈദര്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, ബി.കെ അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍, കാടേരി മുഹമ്മദ് മുസ്ലിയാര്‍, മോയിന്‍കുട്ടി മാസ്റ്റര്‍  എന്നിവര്‍ പങ്കെടുത്തു.

‘പള്ളിയുടെയും മദ്രസയുടെയും നിർമ്മാണവും ഉദ്ഘാടന ചടങ്ങും സമുദായ സൗഹാർദത്തിന്റെ അട്ടപ്പാടി മാതൃക’

അട്ടപ്പാടി: പള്ളിയുടെയും മദ്രസയുടെയും നിർമ്മാണവും ഉദ്ഘാടനചടങ്ങും സമുദായ സൗഹാർദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ചിരിക്കുന്നു.  പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിൽ പെട്ട പുതൂർ ഗ്രാമപഞ്ചായത്തിലാണ് സമുദായ സൗഹാർദത്തിന് സമാനതകളില്ലാത്ത ഈ മാതൃകക്ക് വേദിയായത്. 2019ലെ ഉരുൾപൊട്ടലിൽ ഒരു ഭാഗം പൂർണമായും തകർന്നു ഏതുനിമിഷവും നിലംപൊത്താറായി നിൽക്കുന്ന പുതൂർ ബയാനുൽ
ഇസ്ലാം ജുമുഅത്ത് പള്ളിയും മദ്രസയുമാണ് പുതുക്കിപ്പണിതത്. പ്രവർത്തിയുടെയും രണ്ടിന്റെയും ഉദ്ഘാടന ചടങ്ങുമാണ് നമ്മുടെ രാജ്യത്തിന് അഭിമാനമായ മുഹൂർത്തം പങ്കുവെച്ചത്.
പുതൂർ പഞ്ചായത്തിലെ ഏക മസ്ജിദും മദ്രസയുമാണിത്. ഇരുപതോളം മുസ്ലിം കുടുംബങ്ങൾ
മാത്രമുള്ള ഇവിടെ നാട്ടുകാർക്ക് മസ്ജിദും മദ്രസയും നിര്‍മ്മിക്കാന്‍ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സമസ്ത കൈത്താങ്ങ് ഫണ്ടിൽനിന്ന് ഒരു ചെറിയ സഹായം സ്വീകരിച്ച് അവർ പ്രവർത്തന ഗോദയിൽ ഇറങ്ങിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം അബ്ദുസ്സമദ് പൂക്കോട്ടൂരും വിദ്യാഭ്യാസ ബോർഡ് മാനേജർ മോയിന്‍കുട്ടി മാസ്റ്ററും സ്ഥലം സന്ദർശിച്ചു ഒരു വീഡിയോ ക്ലിപ്പ് തയ്യാറാക്കി ഉദാരമതികളില്‍ നിന്നും സഹായം അഭ്യർത്ഥിച്ചിരുന്നു.
പള്ളി നിൽക്കുന്ന ഏഴര സെൻറ് സ്ഥലത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഉരുൾപൊട്ടൽ മൂലം നഷ്ടപ്പെട്ടിരുന്നു.
തകർന്ന ഭാഗം 10 മീറ്ററോളം താഴ്ചയിൽ നിന്ന് കെട്ടിപ്പൊക്കി വേണം പള്ളിയും മദ്രസയും സ്ഥാപിക്കാൻ 50 ലക്ഷത്തോളം രൂപയാണ് മതിപ്പു ചെലവ് കണക്കാക്കിയത്.
വീഡിയോ സന്ദേശം ഒരാഴ്ച സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. അപ്പോഴേക്കും ആവശ്യമായ തുക ലഭിക്കുകയുണ്ടായി. പള്ളി പുനർനിർമിക്കാൻ സ്ഥലം കൂടി ലഭ്യമാവേണ്ടതുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് പള്ളിയുടെ തൊട്ടടുത്ത സ്ഥലമുടമ അമ്മിണിയമ്മ കമ്മിറ്റി ഭാരവാഹികളെ സമീപിച്ച് ആവശ്യമായ സ്ഥലം സൗജന്യമായി വിട്ടു തരാമെന്ന് അറിയിച്ചത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ മുഖേന സ്ഥലം ഏറ്റുവാങ്ങി.
ഇന്നലെ (31-3-2022) നടന്ന ഉദ്ഘാടന ചടങ്ങും മറ്റൊരു മാതൃകയായി. പുതൂരിലെയും പരിസര പ്രദേശത്തെയും സഹോദരസമുദായ അംഗങ്ങളും ക്ഷേത്രത്തിലെ പൂജാരികളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി അനിൽകുമാർ ഉൾപ്പെടെ ജനപ്രതിനിധികളും സംബന്ധിച്ച ഉദ്ഘാടന സദസ് ഏറെ പ്രൗഡമായിരുന്നു.
സമസ്തയുടെ 250ഓളം കൊടികളും തോരണങ്ങളും കെട്ടി അലങ്കരിച്ചതും സഹോദര സമുദായാംഗങ്ങളാണ്. അതിഥികൾക്ക് നൽകാനുള്ള ഇളനീറും ഇവരുടെ വക തന്നെ. ഒരു ഗ്രാമം മുഴുവനും കക്ഷി രാഷ്ട്രീയ മത ഭേദമന്യെ ഈ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
കഴിഞ്ഞകാല പാരമ്പര്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനുള്ള സന്ദേശം കൂടിയാണ് ഭാവിതലമുറക്ക് പകർന്നു നൽകിയത്. പുനർനിർമ്മിച്ച പള്ളിയുടെയും മദ്രസയുടെയും ഉദ്ഘാടനം ഏലംകുളം ബാപ്പു മുസ്ലിയാരും, ഓഫീസ് ഉദ്ഘാടനം ഒ.എം സൈനുൽ ആബിദ് തങ്ങള്‍ മേലാറ്റൂരും നിർവഹിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി.
മൂസ ദാരിമി, നാസർ ഫൈസി, അബ്ദുല്‍ ഖയ്യൂം, ഹംസക്കോയ ഹാജി ചേളാരി, സുലൈമാന്‍ ഫൈസി, ഐ  മുഹമ്മദ് ഹാജി, മുത്തുകുട്ടി അണ്ണന്‍, സൈതലവി അന്‍വരി, മുഹമ്മദ് ബഷീർ, ഫൈസൽ അൻവരി, അബ്ദുറഷീദ് അൻവരി, സഹദ് സഖാഫി, ഷെരീഫ് അൻവരി, ഉമ്മര്‍, അബ്ദുസ്സലാം, ഹനീഫ, മുജീബ്, ജഅ്ഫർ, പി.കെ വെങ്കടാചലം, ഗണേശന്‍ പൂജാരി, കെ ധർമ്മരാജ്, എം മുരുകേശന്‍, മൂർത്തി ആലമരം, ഷണ്മുഖൻ, പി.ഐ ജോർജ്, സമ്പത്ത്, ബുട്ടാൻ അരണിക്കുളം, മൂപ്പന്‍ രാമകൃഷ്ണന്‍, ആർ നഞ്ചുന്‍, ശരണവൻ, നവജീവന്‍ ചാരിറ്റബിൾ ട്രസ്റ്റ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

ഹിജാബ്: കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധനം ശരിവെയ്ക്കുകയും ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമല്ലെന്ന നിരീക്ഷണം നടത്തുകയും ചെയ്ത കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീം കോടതിയെ സമീപിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരാണ് കോടതിയെ സമീപിച്ചത്.
മുസ്‌ലിം സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ തലയും കഴുത്തും മറയ്ക്കുക എന്നത് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുടെയും പ്രവാചകാധ്യാപനത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍ബന്ധമാണ്. തലയും കഴുത്തും മറയ്ക്കാന്‍ ലോകത്തെ പല ഭാഗങ്ങളിലുമുള്ളവര്‍ സാഹചര്യത്തിനനുസരിച്ച് വിവിധ തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചുവരുന്നുണ്ട്. ഹിജാബ് ഇസ്‌ലാമില്‍ അനിവാര്യമാണെന്നും ഹരജയില്‍ പറയുന്നു.
ഹിജാബുമായി ബന്ധപ്പെട്ട് കര്‍ണാടക ഹൈക്കോടതി അവലംബിച്ച ഖുര്‍ആന്‍ പരിഭാഷകന് വന്ന പിഴവാണ് ഹിജാബ് ഇസ്‌ലാമില്‍ നിര്‍ബന്ധമല്ലെന്ന കോടതിയുടെ തെറ്റായ നിരീക്ഷണത്തിന് ഇടയാക്കിയത്. ഖുര്‍ആനില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ ഹിജാബ് നിര്‍ബന്ധമാക്കിയ സൂക്തങ്ങളുണ്ടെന്നും ഹരജിയില്‍ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച ഹദീസുകളും തര്‍ക്കമില്ലാത്തവയാണ്. ഹിജാബ് എന്ന വാക്ക് ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടില്ല എന്നതുകൊണ്ട് ശിരോവസ്ത്രത്തെ വിലക്കാന്‍കഴിയില്ല. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണ്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോമിന്റെ നിറത്തിനനുസരിച്ച് ഹിജാബ് ധരിക്കാന്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് അനുമതി നല്‍കണം.
സ്ഥാപനത്തില്‍ പ്രവേശിക്കാന്‍ ശിരോവസ്ത്രം നീക്കം ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നത് ബഹുസ്വരതക്ക് വിരുദ്ധവും നാനാത്വത്തില്‍ ഏകത്വമെന്ന ആശയത്തെ അവഹേളിക്കുകയും ചെയ്യുന്നതാണ്.
എല്ലാവരും ഒരേ രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് നാസിപ്രത്യശാസ്ത്രത്തിന്റെ പകര്‍പ്പാണെന്നും ഹരജിയില്‍ പറയുന്നു. ഇതുസംബന്ധിച്ച കര്‍ണാടക ഹൈക്കോടതിവിധി സ്റ്റേ ചെയ്യണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
നിലവില്‍ മുത്വലാഖ്, അനന്തരവകാശം, വിവാഹം, ജുവൈനല്‍ ജസ്റ്റിസ് ആക്ട്, പൗരത്വനിയമഭേദഗതി, സ്ഥാപനങ്ങളുടെ ന്യൂനപക്ഷസ്വഭാവം, ബഹുഭാര്യത്വം തുടങ്ങി ഏഴ് വിഷയങ്ങളില്‍ സമസ്ത സുപ്രീം കോടതിയില്‍ കേസ് നടത്തിവരുന്നുണ്ട്. അതോടൊപ്പം മറ്റു പല കേസുകളിലു ആള്‍ ഇന്ത്യ പേഴ്‌സണല്‍ ലോബോര്‍ഡിനൊപ്പം നിവരവധി കേസുകളില്‍ സഹകരിക്കുന്നുമുണ്ട്. കേസില്‍ മുതിര്‍ന്ന അഭിഭാഷകരക്കൊ പ്പം അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവരും ഹാജരാകും.