Latest Events

കോഴിക്കോട് : സമസ്ത കൈത്താങ്ങ് പദ്ധതിയുടെ ഭാഗമായി ഈ മാസം 27ന് നടക്കുന്ന ഫണ്ട് സമാഹരണം വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു. മഹല്ല് ശാക്തീകരണം, സംസ്കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നില ലക്ഷ്യമാക്കി 2015ലാണ് സമസ്ത കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ നിര്‍ണയിച്ച വിഹിതമനുസരിച്ചാണ് ഓരോ മേഖലക്കുമുള്ള വിനിയോഗം നടക്കുന്നത്. പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്റസകളുടെ എണ്ണം 10942 ആയി. മദീന അറബി മദ്റസ, അന്നിശ്ശേരി - ദര്‍വാഡ്, ഹിദായത്തുല്‍ ഇസ്ലാം മദ്റസ ഹള്ളട്ഓനി-നവല്‍ഗുണ്ട് (കര്‍ണാടക), ഇര്‍ശാദുല്‍ അഥ്ഫാല്‍ മദ്റസ സഞ്ചക്കടവ്-ദേലംപാടി (കാസര്‍ഗോഡ്), ഇര്‍ശാദുല്‍ മുസ്ലിമീന്‍ ഇംഗ്ലീഷ് സ്കൂള്‍ മദ്റസ അച്ചനമ്പലം, മദ്റസത്തു സൈത്തൂന്‍ അല്‍ ഇസ്ലാമിയ്യ പാങ് പെരുംചോല (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. വയനാട് ജില്ലയിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മേപ്പാടിയില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേര്‍ക്കാനും തീരുമാനിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി വിദ്യാലയങ്ങളോടനുബന്ധിച്ച് 'പ്ലേ സ്കൂളുകള്‍' ആരംഭിക്കാന്‍ തീരുമാനിച്ചു. ചില സ്വകാര്യ വ്യക്തികളും മറ്റും നടത്തുന്ന ഓണ്‍ലൈന്‍ മദ്റസ സംവിധാനവുമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് ബന്ധമില്ലെന്ന് യോഗം പ്രഖ്യാപിച്ചു. സമസ്തയുടെ ഓണ്‍ലൈന്‍ മദ്റസ കോഴിക്കോട് സമസ്ത കാര്യാലയം കേന്ദ്രീകരിച്ച് നടത്തുന്ന ഇ-മദ്റസ മാത്രമാണ്. സമസ്തയുടേതെന്ന പ്രാചരണം നടത്തി ചില ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം ഓണ്‍ലൈന്‍ മദ്റസ ക്ലാസുകളില്‍ ആരും വഞ്ചിരതാവരുതെന്നും അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, വാക്കാട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എം. അബ്ദിറഹിമാന്‍ മുസ്ലിയാര്‍ കൊടക് സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.