ജൂണ്‍ 26 - സമസ്ത സ്ഥാപക ദിനം സമസ്തയുടെയും പോഷക സംഘടനകളുടെയും വിപുലമായ പരിപാടികള്‍
കോഴിക്കോട്ഃ ജൂണ്‍ 26ന് സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടക്കുന്നു. 26ന് ബുധനാഴ്ച രാവിലെ 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സമസ്ത അങ്കണത്തില്‍ വെച്ച് നേതൃസംഗമം നടക്കും. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും, ജില്ലാ ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമാണ് നേതൃസംഗമത്തില്‍ പങ്കെടുക്കുക.
മഹല്ല്, മദ്റസ തലങ്ങളിലും സ്ഥാപനങ്ങളിലും പതാക ഉയര്‍ത്തിയും സമസ്ത പിന്നിട്ട നൂറ്റാണ്ടിലെ പ്രധാന പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തിയും പരിശുദ്ധ അഹ്ലുസുന്നത്തി വല്‍ജമാഅയുടെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പിച്ചും സ്ഥാപക ദിനത്തില്‍ പ്രത്യേക സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ സമസ്ത കേന്ദ്ര മുശാവറ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പോഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
നവീനവാദികളുടെ രംഗപ്രവേശനത്തെ തുടര്‍ന്ന് 1926 ജൂണ്‍ 26നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്. 2026ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മുസ്ലിം സമുദായത്തിലെ ഈ ആധികാരക പണ്ഡിത സഭ.