സമസ്ത സ്ഥാപക ദിനം ഇന്ന്, സംസ്ഥാന തല പരിപാടികൾ കോഴിക്കോട് വരക്കലിൽ
കോഴിക്കോട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനം ഇന്ന് (26-06-2025). സംസ്ഥാനത്തിനകത്തും പുറത്തും വിപുലമായ പരിപാടികളാണ് സ്ഥാപക ദിനത്തോടനുബന്ധിച്ചു സമസ്തയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന തല പരിപാടികൾ കോഴിക്കോട് വരക്കൽ മഖാം അങ്കണത്തിലാണ് നടക്കുന്നത്. രാവിലെ 11 മണിക്ക് മഖാം പരിസരത്ത് പതാക ഉയർത്തും.
സ്ഥാപക പ്രസിഡന്റ് വരക്കൽ മുല്ലക്കോയ തങ്ങളും ദീർഘ കാലം സമസ്തയെ നയിച്ച ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന മഖാമിൽ സിയാറത്ത് നടക്കും. തുടർന്ന് മഖാം അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽവെച്ച് സ്ഥാപക ദിന സംഗമം നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഭാരവാഹികളായ എം.ടി അബ്ദുള്ള മുസ്ലിയാർ, കൊയ്യോട് പി.പി ഉമർ മുസ്ലിയാർ, കൊട്ടുമല എം.കെ മൊയ്തീൻ കുട്ടി മുസ്ലിയാർ, യൂ.എം അബ്ദുറഹ്മാൻ മുസ്ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, കേന്ദ്ര മുശാവറ അംഗങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത യുടെയും പോഷക സംഘടനകളുടെയും നേതാക്കൾ, ഗൾഫ് സംഘടന നേതാക്കൾ, മറ്റു പൗര പ്രമുഖർ സംബന്ധിക്കും.
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ ഉപഹാരമായി പ്രസിദ്ധീകരിക്കുന്ന നൂറ് പുസ്തകങ്ങളിൽ 10 പുസ്തകങ്ങളുടെ പ്രകാശനവും നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചാരണ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നടക്കും.