12 വർഷത്തെ മദ്റസ പഠനത്തിൽ ഒറ്റ ദിവസവും ലീവാവാതെ മാതൃക കാട്ടിയ ഫാത്തിമ അഫ്രീന
കോഴിക്കോട് : പന്ത്രണ്ട് വർഷത്തെ മദ്റസ പഠനത്തിനിടയിൽ ഒറ്റ ദിവസം പോലും മുടങ്ങാതെ നൂറ് ശതമാനം ഹാജരായ വിദ്യാർത്ഥിനി മറ്റു വിദ്യാർഥികൾക്കെല്ലാം മാതൃകയാവുന്നു. തന്റെ പിതാവ് കെ.എച്ച് മുഹമ്മദ് ഫൈസി മരണപ്പെട്ട ദിവസം പോലും മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് മദ്റസ യിൽ ഹാജരായിരുന്നു ഈ വിദ്യാർത്ഥിനി.ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ പർളഡ്ക്ക ഹയാത്തുൽ ഇസ്ലാം മദ്റസ വിദ്യാർത്ഥിനി ഫാത്തിമ അഫ്രീനയാണ് ഒന്ന് മുതൽ പ്ലസ്ടു വരെ മദ്റസ പഠനം പൂർത്തിയാക്കി ഈ വർഷം സമസ്ത പൊതു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു.
കോഴിക്കോട് ചേർന്ന വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗത്തിൽ വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളിൽ നിന്നും ഫാത്തിമ അഫ്രീനക്കുള്ള ഉപഹാരം സഹോദരൻ ഏറ്റു വാങ്ങി. സമസ്ത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്റത്ത്, ജനറൽ സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാർ, പി. പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കെ. ടി. ഹംസ മുസ്ലിയാർ, കെ. ഉമർ ഫൈസി മുക്കം, ഡോ. ബഹാഉദ്ധീൻ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എം.സി. മായിൻ ഹാജി, കെ. എം. അബ്ദുള്ള മാസ്റ്റർ കൊട്ടപ്പുറം, ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, ഇ. മൊയ്തീൻ ഫൈസി പുത്തനഴി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ്. സഈദ് മുസ്ലിയാർ വിഴിഞ്ഞം, എം. അബ്ദുറഹ്മാൻ മുസ്ലിയാർ കൊടക്, കെ. മോയിൻകുട്ടി മാസ്റ്റർ, അബ്ദുൽ റഷീദ് ഹാജി പുത്തൂർ സംബന്ധിച്ചു.