അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം - സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ
കൊണ്ടോട്ടി: അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി മുഅല്ലിംകള്‍ക്ക് നല്കുന്ന പരിശീലനത്തിന്റെ സംസ്ഥന തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിലെയും പരിശീലനങ്ങളിലെയും കാലാനുസൃത മാറ്റങ്ങള്‍ മുന്‍കാല പണ്ഡിതര്‍ കാണിച്ചുതന്ന മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാർത്ഥികളെ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ അധ്യാപനം നടത്താൻ മുൻവായനയും, അപഗ്രഥനവും ആവശ്യമാണ്. പാഠഭാഗങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അധ്യാപകർക്ക് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ മികവുറ്റ അധ്യാപനം സാധ്യമാകുകയുള്ളൂ തങ്ങൾ പറഞ്ഞു.
കൊണ്ടോട്ടി ചിറയിൽ ചുങ്കം മഅ്ദനുൽ ഉലൂം സെക്കണ്ടറി മദ്റസയിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ അധ്യക്ഷത വഹിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ ജനറൽ സെക്രട്ടറി വാക്കോട് മൊയ്തീൻ കുട്ടി ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു. എസ്.കെ.ജെ.എം മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് ഒ.എം.എസ് തങ്ങൾ മേലാറ്റൂർ, എസ്.കെ.ജെ.എം.സി.സി സെക്രട്ടറിമാരായ കൊടക് അബ്ദുറഹ്മാൻ മുസ്ലിയാർ, കെ.ടി ഹുസൈൻകുട്ടി മൗലവി, സംസ്ഥാന എക്സിക്യു്ട്ടീവ് മെമ്പർ സി മുഹമ്മദലി മുസ്ലിയാർ, മുഫത്തിശ് എം.പി അലവി ഫൈസി, റെയിഞ്ച് പ്രസിഡന്റ് ബീരാൻകുട്ടി മുസ്ലിയാർ, എസ്.കെ.എം.എം.എ റെയിഞ്ച് പ്രസിഡന്റ് സി.ടി മുഹമ്മദാജി, സെക്രട്ടറി മുഹമ്മദ് ബഷീർ, നാസർ ദാരിമി മുണ്ടക്കുളം, മഹല്ല് സെക്രട്ടറി അബ്ദുൽ മജീദ് മാസ്റ്റർ, മുദരിബ് മൻസൂർ വാഫി സംസാരിച്ചു. വൈ.പി അബൂബക്കർ മൗലവി പാഠപുസ്തക പരിചയവും, യൂനുസ് ഫൈസി വെട്ടുപാറ പദ്ധതി വിശദീകരണവും നടത്തി. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറല്‍ മാനേജർ കെ.മോയിൻകുട്ടി മാസ്റ്റർ സ്വാഗതവും, കോടങ്ങാട് റെയിഞ്ച് ജനറൽ സെക്രട്ടറി ഖാജാ ഹുസ്സൈൻ നിസാമി നന്ദിയും പറഞ്ഞു.
ഏപ്രില്‍ 16,17,19,20 തിയ്യതികളിലായി 570 റെയിഞ്ച് കേന്ദ്രങ്ങളിൽ വെച്ച് മുഴുവൻ മുഅല്ലിംകൾക്കും പരിശീലനം നൽകും. ഇതിനായി 500ഓളം പരിശീലകരെ വിദ്യാഭ്യാസ ബോർഡ് നിയോഗിച്ചിട്ടുണ്ട്. തുടർന്ന് മദ്റസ മാനേജ്മെന്റിനും, രക്ഷിതാക്കൾക്കും പ്രത്യേക പരിശീലനം നൽകും. മാനേജ്മെന്റ് പരിശീലനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 22 ന് രാവിലെ 10 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.