വഖ്ഫ്: പ്രതിഷേധങ്ങള്‍ സമാധാനപരമായിരിക്കണം: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍
കോഴിക്കോട്: വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികള്‍ നിയമാനുസൃതവും സമാധാനപരവുമായിരിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. പരിധികള്‍ ലംഘിക്കുന്നതും സമുദായ സൗഹാര്‍ദ്ദത്തിന് കോട്ടം തട്ടുന്നതുമായ ഒരു പ്രതികരണവും ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ.
ഒരു വിശ്വാസി തന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതാണ് വഖ്ഫ്. അതിന്റെ സംരക്ഷണത്തിന് വേണ്ടി പാര്‍ലമെന്റ് പാസാക്കിയ 1995ലെ നിയമം നിലവിലുണ്ടായിരിക്കെ പ്രസ്തുത നിയമത്തില്‍ പുതിയ ഭേദഗതി അനാവശ്യവും ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുമാണ്. ഇതെല്ലാവരും തിരിച്ചറിഞ്ഞ് രാഷ്ട്രീയ മുതലെടുപ്പിന് ആര്‍ക്കും അവസരം നല്‍കരുത്.
പാര്‍ലിമെന്റില്‍ മുഴുവന്‍ മതേതര കക്ഷികളും സഹോദര സമുദായാംഗങ്ങളും ഒറ്റക്കെട്ടായി ബില്ലിനെ ചെറുക്കാന്‍ മുന്നോട്ട് വന്നത് ന്യൂനപക്ഷങ്ങള്‍ വിസ്മരിക്കരുത്. അവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വഖ്ഫ് ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സപ്രീം കോടതി മുമ്പാകെ ഫയല്‍ ചെയ്തിരുന്ന ഹര്‍ജി പ്രകാരം ഇന്ന് മുതിര്‍ന്ന അഭിഭാഷകര്‍, ചീഫ് ജസ്റ്റിസ് മുമ്പാകെ ഹാജരായിട്ടുള്ളതും സമസ്തയുടെ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. സമസ്ത നടത്തുന്ന നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാവരുടേയും പിന്തുണയുണ്ടാവണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.