വഖഫ് ഭേദഗതി ബിൽ: ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ധ്വംസനം - എസ് കെ എം എം എ
ചേളാരി. കേന്ദ്ര സർക്കാർ പാസ്സാക്കിയ വഖഫ് ഭേദഗതി ബിൽ മുസ്ലിം ന്യൂനപക്ഷത്തിന് ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങളുടെ ധ്വംസനമാണെന്നും നിയമം എത്രയും വേഗം പിൻവലിക്കാൻ സർക്കാർ തയ്യാറാവണമെന്നും സമസ്ത കേരള മദ്രസ്സാ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. നരേന്ദ്ര മോദി ഗവണ്മെന്റ് മുസ്ലിംകളടക്കമുള്ള മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഓരോന്നായി ഹനിച്ചു കൊണ്ടിരിക്കുന്നതിൽ യോഗം ശക്തിയായി പ്രതിഷേധിച്ചു.
ദൈവ പ്രീതി കരസ്ഥമാക്കുന്നതിനുള്ള വലിയൊരു പുണ്യ കർമ്മമാണ് ഇസ്ലാമിൽ വഖഫ്. മതപരമായ പ്രത്യേക ഉദ്ദേശലക്ഷ്യങ്ങളോടെ വിശ്വാസികൾ തങ്ങളുടെ സ്വത്ത് വകകൾ ദൈവത്തിനായി സമർപ്പിക്കുന്നതാണ് വഖഫ് എന്ന സംവിധാനം. വഖഫ് ചെയ്യുന്നവർ തന്നെ ഭാവിയിൽ അതിന്റെ സംരക്ഷണത്തിന് കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്താറുണ്ട് .
ഇസ്ലാമിന്റെ ആരംഭ കാലം മുതൽ തന്നെ വഖഫ് നിലവിലുണ്ട്. മുസ്ലിംകൾ അധിവസിക്കുന്ന എല്ലാ രാജ്യങ്ങളിലും വഖഫിനെ പരിപാവനമായി കാണുകയും അതിന്റെ സംരക്ഷണത്തിനും ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനും വേണ്ട സംവിധാനങ്ങൾ ഏർപ്പെടുത്തുകയുമുണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ഒരു സംവിധാനം എന്ന നിലക്ക് ഇന്ത്യൻ ഭരണ ഘടനയിൽ വഖഫിന്റ കൈകാര്യവും സംരക്ഷണവും മുസ്ലിംകളുടെ അവകാശമായി കാണുകയും ആ നിലക്കുള്ള വകുപ്പുകൾ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 1995 ൽ പാർലമെന്റ് പാസ്സാക്കിയ നിയമമനുസരിച്ച് മേൽ കാര്യങ്ങൾ കൂടുതൽ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ട് പോവാനായി ഓരോ സംസ്ഥാനങ്ങളിലും വഖഫ് ബോർഡുകളും പ്രവർത്തിക്കുന്നുണ്ട്. എതെങ്കിലും നിലക്കുള്ള കയ്യേറ്റങ്ങളോ അഴിമതികളോ വഖഫുമായി ബന്ധപ്പെട്ടുണ്ടായാൽ പരിഹാരം കാണാൻ വഖഫ് ബോർഡിന്റെ കീഴിൽ കൃത്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ഇത്തരം സംവിധാനങ്ങൾ മുഴുവൻ തകിടം മറിക്കാനും വഖഫ് സ്വത്തുക്കൾ തങ്ങളുടെ വരുതിയിലാക്കാനും വഖഫ് എന്ന സംവിധാനം തന്നെ ഭാവിയിൽ ഇല്ലായ്മ ചെയ്യാനുമുള്ള ഗൂഡ ലക്ഷ്യങ്ങളാണ് പുതിയ ബില്ലിൽ സ്ഥാനം പിടിച്ചിട്ടുള്ളത്. ബില്ലിനെതിരെ സമസ്ത നടത്തുന്ന നിയമ പോരാട്ടങ്ങൾക്കും പ്രക്ഷോഭ പരിപാടികൾക്കും യോഗം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
അതോടൊപ്പം സമൂഹത്തെ മുച്ചൂടും നശിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ നടത്തുന്നതിന് അഭ്യർത്ഥിക്കാനും തീരുമാനിച്ചു.
പരിഷ്കരിച്ച മദ്റസാ പാഠ പുസ്തകങ്ങളുമായി ബന്ധപ്പെട്ട്
ഏപ്രിൽ 16, 17, 18, 19 തിയ്യതികളിൽ രണ്ട് സ്പെല്ലുകളിലായി നടക്കുന്ന അധ്യാപക പരിശീലന ക്യാമ്പുകളിൽ മുഴുവൻ മദ്റസാ അധ്യാപകരുടേയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന് വേണ്ടതെല്ലാം ചെയ്യണമെന്നും ക്ലാസ് റൂമുകളിൽ ഡിജിറ്റൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും മദ്റസാ മാനേജ്മെന്റുകളോട് യോഗം ആവശ്യപ്പെട്ടു.
പാഠ പുസ്തക പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ മദ്രസ്സാ മാനേജ്മെന്റുകൾക്കും പരിശീലനം നൽകുന്നുണ്ട്. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 22ന് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ നടക്കുന്നതാണ്. എസ് കെ എം എം എ സംസ്ഥാന കൗൺസിൽ അംഗങ്ങൾ ക്യാമ്പിൽ പങ്കെടുക്കും.
സംസ്ഥാന പ്രസിഡണ്ട് കെ.ടി ഹംസ മുസ്ലിയാർ വയനാട് അധ്യക്ഷത വഹിച്ചു. എം.എസ് തങ്ങൾ മദനി പ്രാർത്ഥന നടത്തി. ജനറൽസെക്രട്ടറി ഇ മൊയ്തീൻ ഫൈസി പുത്തനഴി സ്വാഗതം പറഞ്ഞു. പാഠ പുസ്തക പരിഷ്ക്കരണവും അധ്യാപക പരിശീലന പരിപാടികളും കെ. മോയിൻകുട്ടി മാസ്റ്റർ വിശദീകരിച്ചു. വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം അബ്ദുൽ ഖാദർ, അബ്ദുറഹിമാൻ മുസ്ലിയാർ കൊടക്, കെ. കെ. എസ് തങ്ങൾ വെട്ടിച്ചിറ, കെ. പി. പി തങ്ങൾ പയ്യന്നൂർ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, കെ എം കുട്ടി എടക്കുളം, അഡ്വ. നാസർ കാളമ്പാറ, മുഹമ്മദ് ബിൻ ആദം കണ്ണൂർ, അബ്ദുൽ ഖാദർ ഖാസിമി വെന്നിയൂർ, ഹുസൈൻ കുട്ടി മുസ്ലിയാർ കോടൂർ, കെ പി കോയ ഹാജി പ്രസംഗിച്ചു
മുഹമ്മദ് റഫീഖ് ഹാജി മംഗലാപുരം, എം അബ്ദു റശീദ് കൊല്ലം, കെ.എ ശരീഫ് കുട്ടി ഹാജി കോട്ടയം,സി പി എം ബശീർ ഹാജി കൊടക്, എം.വി ചേക്കു ഹാജി, രിയാസലി പാലക്കാട്, റഷീദ് ബെളിഞ്ചം, അശ്റഫ് ബംഗാളി മുഹല്ല, ത്വാഹ പുറക്കാട്, ബദറുദ്ദീൻ ആലപ്പുഴ, ടി. എം ബശീർ എറണാകുളം അബ്ദുൽ ഖാദർ ഖാസിമി പള്ളങ്കോട് , എ. കെ ആലിപ്പറമ്പ്, ഒ.എം ശരീഫ് ദാരിമി, ഒ.കെ.എം കുട്ടി ഉമരി എന്നിവർ ചർച്ചയിൽ പങ്കെടുത്തു