സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം അറിവിന്റെ കാഴ്ചകളും ആവിഷ്കാരങ്ങളുമായി സമസ്ത ഗ്ലോബല്‍ എക്സ്പോ ഒരുങ്ങുന്നു
ചേളാരി: കാസര്‍ഗോഡ് കുണിയയില്‍ 2026 ഫെബ്രുവരി 4, 5, 6, 7, 8 തിയ്യതികളില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുനബന്ധിച്ച് വ്യത്യസ്ത കാഴ്ചകളും ആവിഷ്കാരങ്ങളുമായി സമസ്ത ഗ്ലോബല്‍ എക്സ്പോ ഒരുങ്ങുന്നു. സമ്മേളന നഗരിയോട് ചേര്‍ന്ന അഞ്ചര ഏക്കര്‍ സ്ഥലത്താണ് എക്സ്പോ ഒരുങ്ങുന്നത്. ആത്മീയതയുടെയും ഇസ്ലാമിക സമൂഹത്തിന്റെയും പുരോഗതിയുടെ ചരിത്രം, അവയുടെ കാലിക പ്രസക്തി, വിശ്വാസത്തിന്റെ സാര്വജനികതയുടെയും കാലാതിവര്ത്തിത്വത്തിന്റെയും പരിചയം, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയും പോഷക സംഘനടകളും നടത്തിയ മുന്നേറ്റങ്ങള്‍, മുസ്ലിം ലോകത്തിന്റെ ശാസ്ത്ര-സാംസ്കാരിക സംഭാവനകള്‍, അന്തര്‍ദേശീയ-ദേശീയ-മാപ്പിള കലകളുടെ തത്സമയ പ്രദര്‍ശനങ്ങള്‍, തത്സമയ ആര്‍ട്സ് ആക്ടിവിറ്റികള്‍, ഓഡിയോ-വീഡിയോ വിഷ്വല്‍ ഹാളിലെ വ്യത്യസ്ത പ്രദര്‍ശനങ്ങള്‍, എ.ഐ-വി.ഐ അവതരണങ്ങള്‍, പാനല്‍ ഡിസ്കഷനുകള്‍, വിവിധ സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന സ്റ്റാളുകള്‍, വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കുമുള്ള പാര്‍ക്ക്, ഫുഡ് ഫെസ്റ്റ് തുടങ്ങിയവ വ്യത്യസ്ത പവലിയനുകളിലായി അവതരിപ്പിക്കും. 2026 ജനുവരി 30 മുതല്‍ ഫെബ്രുവരി എട്ടു വരെ നടക്കുന്ന എക്സ്പോയില്‍ ആദ്യ രണ്ടു ദിവസം സ്ത്രീകള്‍ക്കായിരിക്കും പ്രവേശനം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ ആപ്ലിക്കേഷൻ സൗകര്യം ഉണ്ടായിരിക്കും.
സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന എക്സ്പോ സമിതി യോഗം പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. എസ്.കെ.ഐ.എം.വി.ബി സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി. മാനേജര്‍ കെ മോയിന്‍കുട്ടി മാസ്റ്റര്‍, എക്സ്പോ സമിതി ചെയര്മാന് ഹാശിം ദാരിമി, പി.കെ മുഹമ്മദ് ഹാജി പ്രസംഗിച്ചു. സമിതി ചീഫ് അഡൈ്വസര്‍ എസ്.വി മുഹമ്മദലി, അംഗങ്ങളായ ശംസുദ്ദീന്‍ ഒഴുകൂര്‍, ഫരീദ് റഹ്മാനി കാളികാവ്, മജീദ് പറവണ്ണ, ഡോ. അബ്ദുല്‍ ഖയ്യൂം, സാദിഖലി ചീക്കോട്, റഹീം ചുഴലി, ഹനീഫ അയ്യായ, സുബൈര്‍ പി വയനാട്, സഫ്വാന് കമാലി, ശിയാസ് ഹുദവി, മുഫ്ലിഹ് മുഹമ്മദ് സംബന്ധിച്ചു. കണ്‍വീനര്‍ ഡോ.ശഫീഖ് റഹ്മാനി വഴിപ്പാറ സ്വാഗതവും വര്‍ക്കിങ് കണ്‍വീനര്‍ ഹക്കീം ഫൈസി തോട്ടര നന്ദിയും പറഞ്ഞു.