കോഴിക്കോട്: ഉയര്‍ന്ന താപനിലയും രൂക്ഷമായ വരള്‍ച്ചയും ജനജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ വിശ്വാസി സമൂഹം പ്രാര്‍ത്ഥന നിരതരായിരിക്കണമെന്ന് സമസ്ത നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കഠിനചൂടും വരള്‍ച്ചയും മറ്റു ജീവജാലങ്ങളെയും മറ്റും ദുരിതത്തിലാക്കിയിരിക്കുകയാണ്. മഴക്കുവേണ്ടിയും പീഠിതരായ ഫസ്തീന്‍ ജനതക്കുവേണ്ടിയും പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ സമസ്ത നേതാക്കള്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നുവല്ലോ. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച ജുമുഅ:ക്കുശേഷവും മറ്റു ജമാഅത്ത് നിസ്‌കാരങ്ങള്‍ക്കു ശേഷവും ഇസ്തിഗ്ഫാര്‍ അടക്കമുള്ള ദിക്‌റുകള്‍ ചൊല്ലിയും മഹത്തുക്കളുടെ ആസാറുകള്‍ മുന്‍നിര്‍ത്തി തവസ്സുല്‍ ചെയ്തും പ്രത്യേകം പ്രാര്‍ത്ഥന നടത്തണം. മഴക്കുവേണ്ടിയുള്ള നിസ്‌കാരത്തെ സംബന്ധിച്ചും അതിന്റെ ആമുഖ കാര്യങ്ങളെകുറിച്ചും ഖത്തീബുമാര്‍ വെള്ളിയാഴ്ച ഉത്‌ബോധനം നടത്തണം. മെയ് 4 ന് ശനിയാഴ്ച മദ്‌റസകളില്‍ വെച്ചും ഇസ്തിഗ്ഫാര്‍ അടക്കുമുള്ള ദിക്‌റുകള്‍ ചൊല്ലി പ്രാര്‍ത്ഥന നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.