കോഴിക്കോട്: വഖഫ് ഭേദഗതി നിയമം - 2025 നെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കൊടുത്ത കേസിൽ ബഹു. സുപ്രീം കോടതിയുടെ നിലപാട് പ്രതീക്ഷക്ക് വകനൽകുന്നതാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരും പ്രസ്താവനയില്‍ പറഞ്ഞു. നിലവിൽ വഖഫായി സ്ഥിരപ്പെട്ടിട്ടുള്ള സ്വത്തുക്കൾ മുഴുവനായും വഖഫ് വസ്തുവായി തന്നെ സംരക്ഷിക്കപ്പെടണമെന്നും, വകുപ്പ് 9(2)(a), 9(2)(g), 14(1)(e) പ്രകാരമുള്ള എക്സ് ഓഫിഷ്യാ മെമ്പർമാർ ഒഴികെ മറ്റുള്ളവരെല്ലാം മുസ്ലിംകളാ യിരിക്കണമെന്നും, വഖഫ് വസ്തുവിൽ തർക്കമുന്നയിച്ചു പരാതി നൽകുന്ന മുറക്ക് തന്നെ വസ്തു വഖഫല്ലാതായി മാറുന്ന വകുപ്പ് 3(C)(2)Proviso ഭരണഘടന വിരുദ്ധമാണെന്നുമുള്ള സുപ്രിം കോടതിയുടെ നിലപാട് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണെന്ന് അവർ പറഞ്ഞു. സുപ്രീംകോടതിയില്‍ സമസ്തക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേഖ് മനു സിങ്വിയാണ് വഖ്ഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. സിഖ് ഗുരുദ്വാരകളിലും ഹിന്ദു സ്ഥാപനങ്ങളിലും അതാത് മതസ്ഥര്‍ മാത്രമുള്ളത് പോലെ വഖ്ഫ് സംവിധാനങ്ങളില്‍ മുസ്ലിംകള്‍ മാത്രമേ പാടുള്ളൂവെന്നും സമസ്തക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതി മുമ്പാകെ ആവശ്യപ്പെട്ടു. ബഹു. സൂപ്രീം കോടതിയുടെ അന്തിമ വിധിയും അനുകൂലമാവുമെന്ന് പ്രത്യാശിക്കുന്നതായും അവര്‍ പ്രസ്താവനയില്‍ തുടര്‍ന്ന് പറഞ്ഞു.