ചേളാരി: ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100ാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഭാഗമായി 2025 ഡിസംബര്‍ 19 മുതല്‍ 28 വരെ കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്തേക്ക് സമസ്ത പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സന്ദേശ യാത്ര നടത്താന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത മുശാവറ യോഗം തീരുമാനിച്ചു. യാത്രയെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികളും മുശാവറ അംഗങ്ങളും പോഷക സംഘടനാ നേതാക്കളും അനുഗമിക്കും. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് നടത്തുന്ന യാത്രക്ക് ജില്ലകളില്‍ ഒരു കേന്ദ്രത്തില്‍ വെച്ച് സ്വീകരണം നല്‍കും. അന്താരാഷ്ട്ര പ്രചരണ സമ്മേളനം ഒക്ടോബര്‍ ആദ്യത്തില്‍ യു.എ.ഇയിലും, ദേശീയ പ്രചാരണ സമ്മേളനം ഒക്ടോബര്‍ മധ്യത്തില്‍ ന്യൂഡല്‍ഹിയില്‍ വെച്ച് നടത്താനും തീരുമാനിച്ചു. വിവിധ സംസ്ഥാനങ്ങളിലും പ്രത്യേകം പ്രചാരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് നഗരിയില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ എക്സ്പോ സംഘടിപ്പിക്കും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പ്രധാന പതാക വരക്കല്‍ മഖാമില്‍ നിന്നും, 99 പതാകകള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും വരക്കലില്‍ എത്തിച്ച് 100 പതാകള്‍ ഒന്നിച്ച് സമ്മേളന നഗരിയിലേക്ക് കൊണ്ടുപോകാനും തീരുമാനിച്ചു. സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും സമ്മേളനത്തിന് ആവശ്യമായി വരുന്ന ചെലവുകള്‍ക്കുമുള്ള ഫണ്ട് പൊതുജന പങ്കാളിത്തത്തോടെ സമാഹരിക്കാനും യോഗം തീരുമാനിച്ചു. സ്വാഗത സംഘത്തിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന 15 സബ്കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിന് യോഗം അംഗീകാരം നല്‍കി. മുശാവറ മെമ്പര്‍ മാണിയൂര്‍ അഹ്മദ് മുസ്ലിയാരുടെ മഗ്ഫിറത്തിനും മറ്റും പ്രാര്‍ത്ഥനക്ക് പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ നേതൃത്വം നല്‍കി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, എം.കെ മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ നെല്ലായ, കെ ഉമര്‍ ഫൈസി മുക്കം, കെ.ടി ഹംസ മുസ്ലിയാര്‍, വി മൂസക്കോയ മുസ്ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, ഇ.എസ് ഹസ്സന്‍ ഫൈസി, പി.കെ ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശ്ശേരി, ഐ.ബി ഉസ്മാന്‍ ഫൈസി, എം.എം അബ്ദുല്ല ഫൈസി, ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ, പി.എം അബ്ദുസ്സലാം ബാഖവി, എം.പി അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൈങ്കണ്ണിയൂര്‍, എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, അസ്ഗറലി ഫൈസി പട്ടിക്കാട്, ഡോ. സി.കെ അബ്ദുറഹിമാന്‍ മുസ്ലിയാര്‍ അരിപ്ര, ഉസ്മാനുല്‍ ഫൈസി തോടാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, പി.വി അബ്ദുസ്സലാം ദാരിമി ആലമ്പാടി സംസാരിച്ചു.