തഹിയ്യ അവലോകനവും പ്രാര്‍ഥനാ സംഗമവും ഇന്ന് (ശനി) ചരിത്രദൗത്യം 20 കോടിയും പിന്നിട്ടു
കോഴിക്കോട്: സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി വിവിധങ്ങളായ പദ്ധതികള്‍ നടപ്പാക്കുന്നതിനായി സമാഹരിക്കുന്ന തഹിയ്യ മാസ് ഫണ്ട് ശേഖരണത്തിന്റെ അവലോകനവും പ്രാര്‍ഥനാ സംഗമവും ഇന്ന് (ശനി) നടക്കും. രാത്രി എട്ടിന് സമസ്ത ഓണ്‍ലൈന്‍ യൂട്യൂബ് ചാനല്‍വഴി നടക്കുന്ന സമഗമത്തില് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ സംബന്ധിക്കും.
നൂറ്റാണ്ടുകാലമായി കേരള മുസ്്ലിം സമൂഹത്തെ പാരമ്പര്യത്തനിമയോടെയും ആദര്ശവഴികളിലൂടെയും നയിക്കുന്ന സമസ്ത വിഭാവനം ചെയ്യുന്ന പദ്ധതികള്‍ക്കായി പ്രഖ്യാപിച്ച തഹിയ്യ ഫണ്ട് ശേഖരണം ഇപ്പോള്‍ 20 കോടിയും പിന്നിട്ടിരിക്കുകയാണ്.
സമസ്തയുടെ സാന്നിധ്യം കേരളത്തിനു നല്കിയ സുകൃതവഴിയെ ചേര്‍ത്തുനിര്‍ത്തുകയാണ് കരുണാര്ദ്രഹൃദയങ്ങളായ പതിനായിരങ്ങള്‍. 20 കോടിയും പിന്നിട്ട് കലക്ഷന്‍ തുടരുന്ന ഫണ്ട് ശേഖരണം ഏറെ സുതാര്യമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. മദ്റസാ വിദ്യാര്‍ഥികള്‍ മുതല്‍ വലിയ സംരംഭകര്‍ വരെ സമസ്ത പദ്ധതികള്‍ വിജയിപ്പിക്കുന്നതിലേക്ക് ആവശ്യമായി സംഭാവന നല്കല് തുടരുകയാണ്. സ്ക്രാപ്പ് ചലഞ്ചിലൂടെയും ഭക്ഷണചലഞ്ചിലൂടെയും മറ്റു വ്യത്യസ്തങ്ങളായ പരിപാടികളിലൂടെയും തഹിയ്യയിലേക്കുള്ള ഫണ്ട് കണ്ടെത്തുകയാണ്. സമസ്ത പോഷക സംഘടനകള്‍, വിവിധ സ്ഥാപനങ്ങള്‍, കോളജുകള്‍, മദ്റസകള്‍, വിദ്യാര്‍ഥികള്‍, സംരംഭകര്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത തുറകലിലുള്ളവര് തഹിയ്യയിലേക്ക് സംഭാവന നല്കിക്കൊണ്ടിരിക്കുന്നുണ്ട്.
സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി, തമിഴ്നാട്ടില്‍ നടപ്പാക്കുന്ന പ്രത്യേക പദ്ധതികള്‍, ഇ-ലേണിങ് വില്ലേജ്, റിഹാബിലിറ്റേഷന്‍ സെന്റര്‍, മെഡിക്കല്‍ കെയര്‍ & പാലിയേറ്റീവ് സെന്റര്‍, പ്രധാന നഗരങ്ങളില്‍ ആസ്ഥാനവും ഹോസ്റ്റല്‍ സംവിധാനവും, കൈത്താങ്ങ് 2025, ഇന്റര്‍നാഷനല്‍ ഹെറിറ്റേജ് മ്യൂസിയം, 10,313 പ്രബോധകരുടെ സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവക്കും മറ്റുമാണ് ഫണ്ട് സമാഹരണം നടക്കുന്നത്.