സമസ്ത 100-ാം വാര്‍ഷികം ക്യാമ്പ് പ്രതിനിധികളുടെ രജിസ്ത്രേഷന് പൂര്‍ത്തിയായി
ചേളാരി: 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍ഗോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത 100-ാം വാര്‍ഷിക മഹാ സമ്മേളനത്തിലെ പഠന ക്യാമ്പില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്ത്രേഷന് പൂര്‍ത്തിയായി. 33,313 പ്രതിനിധികളാണ് ക്യാമ്പില്‍ പങ്കെടുക്കുക. ഇതില്‍ 10,313 ദാഇമാരാണ്. സമസ്ത നൂറാം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 10,313 പ്രബോധകരെ സമൂഹത്തിന് സമര്‍പ്പിക്കുകയാണ് പഠന ക്യാമ്പിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത്. സ്വാഗത സംഘം ക്യാമ്പ് സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേകം കോഡിനേറ്റര്‍മാരെ നിശ്ചയിച്ചാണ് ഓണ്‍ലൈന്‍ വഴി നിശ്ചിത സമയത്തിനകം ഇത്രയും പ്രതിനിധികളുടെ രജിസ്ത്രേഷന് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും അന്താരാഷ്ട്ര തലത്തിലുള്ള പ്രതിനിധികളുമടങ്ങുന്ന ഏറ്റവും വലിയ പഠന ക്യാമ്പിനാണ് കുണിയ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. നിശ്ചിത സമയത്തിനകം ഇത്രയുമധികം പ്രതിനിധികള്‍ രജിസ്തര്‍ ചെയ്ത് ക്യാമ്പംഗമായത് ചരിത്രത്തില്‍ ആദ്യമാണ്. ഇത് 100-ാം വാര്‍ഷികത്തെ കൂടുതല്‍ മികവുറ്റതാക്കും. മഹല്ല്, മദ്റസ കമ്മിറ്റി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ഖാസി, ഖത്തീബ്, സദര്‍ മുഅല്ലിം, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഓരോ യൂണിറ്റില്‍ നിന്നും രജിസ്തര്‍ ചെയ്തിട്ടുള്ളത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ക്യാമ്പില്‍ അംഗങ്ങളായുണ്ടാവും.